പട്ന : ആർജെഡിയിലേയ്ക്ക് മടങ്ങിവരാനുള്ള സാധ്യത തള്ളി ബിഹാർ മുൻ മന്ത്രി തേജ് പ്രതാപ് യാദവ് . തന്റെ പിതാവ് ലാലു പ്രസാദ് നയിക്കുന്ന പാർട്ടിയിലേക്ക് “തിരിച്ചു പോകുന്നതിനേക്കാൾ മരണം തിരഞ്ഞെടുക്കുമെന്ന്” അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . അധികാരമല്ല, തത്വങ്ങളും , അന്തസുമാണ് തന്നെ നയിക്കുന്നതെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.
“ആ പാർട്ടിയിലേക്ക് മടങ്ങുന്നതിനേക്കാൾ ഞാൻ മരണം തിരഞ്ഞെടുക്കും. എനിക്ക് അധികാരത്തിനുവേണ്ടിയുള്ള ദാഹമില്ല. തത്വങ്ങളും ആത്മാഭിമാനവുമാണ് എനിക്ക് ഏറ്റവും പ്രധാനം,” അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദിന്റെയും റാബ്റി ദേവിയുടെയും മൂത്ത മകൻ തേജ് പ്രതാപിനെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ആർജെഡിയിൽ നിന്ന് പുറത്താക്കി. അതിനുശേഷം അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ച് 2015 ൽ തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച മഹുവ മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയാണ്.
“രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ എനിക്ക് ഈ മണ്ഡലവുമായി ബന്ധമുണ്ട്. എന്നെ അവരുടെ എംഎൽഎയായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആളുകൾ എന്നോട് പറയുന്നു, അവരുടെ ആവശ്യങ്ങൾക്ക് ഞാൻ പ്രതികരിക്കുന്നുണ്ടെന്ന്, ഇപ്പോൾ അവർക്ക് ആശ്രയിക്കാൻ ആരുമില്ലെന്നാണ് അവർ പറയുന്നത്,” അദ്ദേഹം പറഞ്ഞു. ഇളയ സഹോദരന്റെ വിശ്വസ്തനായ സിറ്റിംഗ് ആർജെഡി നിയമസഭാംഗം മുകേഷ് റൗഷനെ ഒരു വെല്ലുവിളിയായി താൻ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുത്തശ്ശി മരിച്ചിയ ദേവിയുടെ ഫോട്ടോയുമായാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് . “തീർച്ചയായും, എന്റെ അച്ഛൻ രാഷ്ട്രീയത്തിൽ ഉയർന്നുവന്നത് അവരുടെ അനുഗ്രഹത്താലാണ്,” തേജ് പ്രതാപ് പറഞ്ഞു.
മാതാപിതാക്കളിൽ നിന്ന് അനുഗ്രഹം തേടിയോ എന്ന ചോദ്യത്തിന്, “ഞങ്ങൾ കുറച്ചു കാലമായി സംസാരിച്ചിട്ടില്ല, പക്ഷേ അവരുടെ അനുഗ്രഹം എനിക്കൊപ്പമുണ്ടെന്ന് എനിക്കറിയാം” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചതിനെ പറ്റി “വിവിധ തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നത് രാഷ്ട്രീയക്കാരുടെ സ്വഭാവമാണ്. എന്നാൽ ജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്ന ഒരാൾക്ക് മാത്രമേ അധികാരം ആസ്വദിക്കാൻ കഴിയൂ.
തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഞാൻ എന്തുചെയ്യണം? മഹുവയിൽ എനിക്ക് ഒരു വെല്ലുവിളിയും നേരിടുന്നില്ല. ആരെയും എന്റെ ശത്രുവായി ഞാൻ കരുതുന്നില്ല. ബീഹാറിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ അജണ്ട.ഒരു ഇളയ സഹോദരൻ എന്ന നിലയിൽ അദ്ദേഹത്തിന് എന്റെ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു. സുദർശന ചക്രം അദ്ദേഹത്തിന്റെ മേൽ എറിയാൻ എനിക്ക് കഴിയില്ലായിരുന്നു ” എന്നായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം.

