ലക്നൗ: ലിവ്-ഇൻ ബന്ധങ്ങൾക്കെതിരെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ നടത്തിയ പരാമർശം വിവാദമാകുന്നു. പെൺകുട്ടികൾ ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അല്ലെങ്കിൽ അവർ 50 കഷണങ്ങളായി മുറിച്ച് കൊലപ്പെടുത്തുമെന്നുമാണ് ആനന്ദിബെൻ പട്ടേൽ പറഞ്ഞത് . വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ പ്രസംഗിക്കവേയാണ് വിവാദ പ്രസ്താവന .
‘ലിവ്-ഇൻ ബന്ധങ്ങൾ ഇപ്പോൾ ഒരു പ്രവണതയാണ്. പെൺകുട്ടികളോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. നിങ്ങൾ അതിൽ നിന്ന് മാറിനിൽക്കണം. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടു കഴിഞ്ഞു . നിങ്ങളെ 50 കഷണങ്ങളായി മുറിക്കും,’ ആനന്ദിബെൻ പറഞ്ഞു. ലിവ്-ഇൻ ബന്ധങ്ങളുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെക്കുറിച്ചും ഗവർണർ സംസാരിച്ചു. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ഇത്തരം വാർത്തകൾ കേൾക്കുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഇത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു,’ ഗവർണർ പറഞ്ഞു.
നേരത്തെയും ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ച് ആനന്ദിബെൻ വിവാദപരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ബല്ലിയിലെ ജന്നായക് ചന്ദ്രശേഖർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു അവരുടെ ആദ്യ പരാമർശം. അനാഥാലയങ്ങൾ സന്ദർശിക്കുമ്പോൾ അത്തരം ബന്ധങ്ങളുടെ അനന്തരഫലങ്ങൾ വ്യക്തമാണ്. ലിവ്-ഇൻ ബന്ധങ്ങളുടെ ഫലം കാണണമെങ്കിൽ, 15 നും 20 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ഒരു വയസ്സുള്ള കുട്ടികളുമായി ക്യൂവിൽ നിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയുമെന്ന് ആനന്ദിബെൻ പറഞ്ഞിരുന്നു.
യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച ഗവർണർ, സംസ്ഥാനത്തെ എല്ലാ യുവാക്കളും അതിന്റെ ഉപയോഗത്തിൽ നിന്ന് മുക്തരാകണമെന്നും പറഞ്ഞു.

