ജയ്പൂർ : വ്യാജ വിവാഹങ്ങളിൽ പുരുഷന്മാരെ കുടുക്കി ആഭരണങ്ങളും പണവുമായി രക്ഷപ്പെടുന്ന 23 കാരി അറസ്റ്റിൽ. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കവർച്ച കേസുകളിൽ പ്രതിയായ അനുരാധ പാസ്വാനെ തിങ്കളാഴ്ച സവായ് മധോപൂർ പോലീസ് ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വരനായി പൊലീസ് ഓഫീസർ തന്നെ വേഷം മാറി എത്തിയാണ് അനുരാധയെ കുടുക്കിയത്.
പുരുഷന്മാരെ ലക്ഷ്യം വച്ചുള്ള വിവാഹ തട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് അനുരാധയെന്നാണ് റിപ്പോർട്ട്. വധുവായി ചമഞ്ഞ് , നിയമപരമായി രേഖകൾ ഉപയോഗിച്ച് വിവാഹം നടത്തുകയും ചെയ്യും. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, എല്ലാ ആഭരണങ്ങളും പണവുമായി രക്ഷപെടുകയുമാണ് അനുരാധയുടെ പതിവ്. ഏഴ് മാസത്തിനുള്ളിൽ 25 പേരെയാണ് അനുരാധ ഇത്തരത്തിൽ വിവാഹം കഴിച്ചത് .
സവായ് മധോപൂരിൽ നിന്നുള്ള വിഷ്ണു ശർമ്മയാണ് അനുരാധയ്ക്കും രണ്ട് ‘വിവാഹ ഏജന്റുമാർക്കും’ എതിരെ കേസ് ഫയൽ ചെയ്തത്. സുനിത, പപ്പു മീന എന്നീ ഏജന്റുമാർക്ക് രണ്ട് ലക്ഷം രൂപ നൽകിയ ശേഷമാണ് ഏപ്രിൽ 20 ന് വിഷ്ണു ശർമ്മ അനുരാധയെ വിവാഹം കഴിച്ചത് . എന്നാൽ മെയ് 2 ന് അനുരാധ പണവും ആഭരണങ്ങളുമായി ഒളിവിൽ പോയി.സവായ് മധോപൂർ പോലീസ് ഒടുവിൽ അനുരാധയെ ഭോപ്പാലിൽ നിന്ന് കണ്ടെത്തുമ്പോൾ, ഇതിനകം തന്നെ മറ്റൊരു യുവാവിനെയും അനുരാധ വിവാഹം കഴിച്ചിരുന്നു. ഈ റാക്കറ്റിൽ നിരവധി പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് സൂചന.

