ന്യൂഡൽഹി : റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ എതിർത്ത് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇന്ത്യ റഷ്യയുടെ “അലക്കുശാല” ആണെന്ന പീറ്റർ നവാരോയുടെ പ്രസ്താവന വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.റഷ്യ-യുക്രെയ്ൻ സംഘർഷത്തെ പരാമർശിച്ച്, ഈ രക്തച്ചൊരിച്ചിലിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും നവാരോ ആരോപിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം സമാധാനം സൃഷ്ടിക്കുകയല്ല, മറിച്ച് യുദ്ധം നിലനിർത്തുകയാണെന്നാണ് നവാരോയുടെ പ്രസ്താവന.
“രക്തച്ചൊരിച്ചിലിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് തിരിച്ചറിയാൻ താൽപ്പര്യമില്ലെന്ന് തോന്നുന്നു. അത് ഷി ജിൻപിങ്ങുമായി ബന്ധപ്പെട്ടതാണ്. അവർക്ക് റഷ്യൻ എണ്ണ ആവശ്യമില്ല. ഇത് ഒരു ശുദ്ധീകരണ ലാഭം കൊയ്യുന്ന പദ്ധതിയാണ്. ഇത് ക്രെംലിനിനുള്ള ഒരു അലക്കുശാലയാണ്. എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. മോദി ഒരു മികച്ച നേതാവാണ്, പക്ഷേ ദയവായി ഇന്ത്യ, ആഗോള സമ്പദ്വ്യവസ്ഥയിലെ നിങ്ങളുടെ പങ്ക് നോക്കൂ. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് സമാധാനം സൃഷ്ടിക്കുകയല്ല. ഇത് യുദ്ധം നിലനിർത്തുകയാണ് “ നവാരോ പറഞ്ഞു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തുന്നതിന് മുമ്പ്, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ ഇറക്കുമതി ചെയ്തിരുന്നുള്ളൂ . ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ആവശ്യമില്ല . എന്നാൽ ഇപ്പോൾ 35 ശതമാനം എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് .അവർക്ക് റഷ്യൻ എണ്ണ ആവശ്യമാണെന്ന വാദം അസംബന്ധമാണ്.
ഇന്ത്യയിൽ, അവർ നമ്മെ വ്യാപാരത്തിൽ വഞ്ചിക്കുന്നതിനാലാണ് 25% താരിഫ് ഏർപ്പെടുത്തിയത്. ഇന്ത്യ നികുതികളിലെ ‘മഹാരാജ്’ ആണ് . പിന്നെ റഷ്യൻ എണ്ണ കാരണം 25%. അവർക്ക് ഉയർന്ന താരിഫുകൾ ഉണ്ട്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് റഷ്യയുടെ ആയുധ ഉൽപാദനത്തിന് പരോക്ഷമായി ധനസഹായം നൽകുന്നതാണ് . ഇത് യുക്രെയ്നിലെ സംഘർഷം വർദ്ധിപ്പിക്കുകയും കൂടുതൽ സൈനിക സഹായം നൽകാൻ യുഎസിനെ നിർബന്ധിതമാക്കുകയും ചെയ്യുന്നു.റഷ്യക്കാർ കൂടുതൽ ആയുധങ്ങൾ നിർമ്മിക്കാനും യുക്രേനിയക്കാരെ കൊല്ലാനും പണം ഉപയോഗിക്കുന്നു. അതിനാൽ അമേരിക്കൻ നികുതിദായകർ യുക്രേനിയക്കാർക്ക് കൂടുതൽ സഹായം, സൈനിക ശൈലിയിൽ നൽകണം.“ നവാരോ പറഞ്ഞു.
ഇന്ത്യയുമായുള്ള പങ്കാളിത്തം കുറയുന്നത് തിരിച്ചടിയാകുമെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹാലി കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് മുന്നറിയിപ്പ് നൽകിയിരുന്നു . അതിനു പിന്നാലെയാണ് നവാരോയുടെ പരാമർശം

