ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം മെയ് 21 ന് ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് ശ്രീനഗറിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയിരുന്നു. വിമാനം അമൃത്സറിന് മുകളിലൂടെ കടന്നുപോകുമ്പോഴാണ് ആകാശചുഴിയിൽ അകപ്പെട്ടത്.
ഇത് ഒഴിവാക്കാൻ പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് അനുമതി തേടിയെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു .അതേസമയം ഈ വിഷയത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ രണ്ട് പൈലറ്റുമാർക്കും വിമാനം പറത്താൻ കഴിയില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് മുന്നിൽ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിരുന്നു പൈലറ്റിന് പാകിസ്ഥാന്റെ ഈ നടപടിയെ കുറിച്ച് എന്തുകൊണ്ട് അറിയില്ലായിരുന്നു എന്നും അന്വേഷിക്കുന്നുണ്ട് . ലാൻഡിംഗ് ചെയ്യാൻ അനുമതി നൽകിയ ശേഷം പാകിസ്ഥാൻ ഈ വിമാനം വെടിവച്ചിട്ടിരുന്നെങ്കിൽ, അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം പാകിസ്ഥാനെ പ്രോസിക്യൂട്ട് ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാകുമായിരുന്നു. പത്താൻകോട്ടിന് വളരെ അടുത്തുള്ള അമൃത്സർ വിമാനത്താവളത്തിൽ പൈലറ്റ് ലാൻഡ് ചെയ്യാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യം ഉയർന്നിട്ടുണ്ട്.
യാത്രയ്ക്കിടെ പെട്ടെന്ന് ശക്തമായി ആലിപ്പഴം പെയ്യുകയും തുടർന്ന് വിമാനം ആകാശച്ചുഴിയിൽ അകപ്പെടുകയുമായിരുന്നു. പിന്നാലെ പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് (എടിസി) സഹായം തേടി വിമാനം അടിയന്തരമായി ഇറക്കി. 227 യാത്രാക്കാരാണ് പൈലറ്റിന്റെ ധീരമായ ഇടപെടലിലൂടെ മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത്.

