ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു . ബിൽ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ബില്ലിൽ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാക്കൾ രാഷ്ട്രപതിയ്ക്ക് കത്ത് നൽകിയിരുന്നു.
13 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജ്യസഭ വഖഫ് നിയമത്തിന് അനുമതി നൽകിയത് . തുടർന്ന് വെള്ളിയാഴ്ച രാവിലെ പാർലമെൻ്റ് ബില്ലിന് അംഗീകാരം നൽകി.ബില്ലിനെ “മുസ്ലിം വിരുദ്ധം” എന്നും “ഭരണഘടനാ വിരുദ്ധം” എന്നും വിശേഷിപ്പിച്ച പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പും ഉയർത്തി . അതേസമയം “ചരിത്രപരമായ പരിഷ്കാരം” ന്യൂനപക്ഷ സമുദായത്തിന് ഗുണം ചെയ്യുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
128 അംഗങ്ങൾ അനുകൂലിച്ചും 95 പേർ എതിർത്തുമാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്. വ്യാഴാഴ്ച രാവിലെ ലോക്സഭയിൽ 288 അംഗങ്ങൾ പിന്തുണച്ചപ്പോൾ 232 പേർ എതിർത്തു. അതേസമയം വഖഫ് ബില്ലിൻ്റെ സാധുത ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസിയും വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചു.