ന്യൂഡൽഹി : 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായത് . 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ ബില്ലിനെ എതിർത്തു. ആശങ്കകൾ അനാവശ്യമാണെന്നും, മുസ്ലീങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് ബില്ലിന്മേൽ വോട്ടെടുപ്പ് നടത്തിയത്. ഭരണപക്ഷത്തോ, പ്രതിപക്ഷത്തോ വോട്ടുചോര്‍ച്ച ഉണ്ടായില്ല. കേരളത്തില്‍നിന്നുള്ള എംപിമാരടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി.
വഖഫുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ ബില്ലിന് സാധിക്കും. മുനമ്പത്തെ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കാനും ബില്‍ സഹായിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. ബില്‍ മുസ്ലിംകളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച അസദുദീന് ഒവൈസി ബില്‍ പ്രതീകാത്മകമായി കീറി.
ആദിവാസി ഭൂമിയും ചരിത്ര സ്മാരകങ്ങളും വഖഫ് ഭൂമിയാക്കാന്‍ പാടില്ലെന്ന പുതിയ വ്യവസ്ഥകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ജെപിസി റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കിലും ഒപ്പമുള്ള കരട് ബില്ലില്‍ ഇവ ചേര്‍ത്തിരുന്നില്ല. ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും