പട്ന : ബിഹാറിൽ ഇന്ത്യാ ബ്ലോക്ക് അധികാരത്തിലെത്തിയാൽ, വഖഫ് ഭേദഗതി നിയമം ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയുമെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് . മുസ്ലിം ഭൂരിപക്ഷമുള്ള കതിഹാർ, കിഷൻഗഞ്ച്, അരാരിയ ജില്ലകളിൽ പൊതു റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ് . തന്റെ പിതാവ്, ആർജെഡി തലവനായ ലാലു പ്രസാദ്, രാജ്യത്തെ വർഗീയ ശക്തികളുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
“എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാർ എല്ലായ്പ്പോഴും വർഗീയശക്തികളെ പിന്തുണച്ചിട്ടുണ്ട്, അദ്ദേഹം കാരണമാണ് ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും സംസ്ഥാനത്തും രാജ്യത്തും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത്. ബിജെപിയെ ‘ഭാരത് ജലാവോ പാർട്ടി’ എന്ന് വിളിക്കണം. സംസ്ഥാനത്ത് ഇന്ത്യാ ബ്ലോക്ക് അധികാരത്തിൽ വന്നാൽ, വഖഫ് നിയമം ഞങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും.
ചിലർ ബലപ്രയോഗത്തിലൂടെ സ്ഥാനാർത്ഥികളെ നിർത്തി വോട്ടുകൾ വിഭജിക്കാൻ ശ്രമിക്കുന്നു. പക്ഷേ ആളുകൾ അത്തരം സ്ഥാനാർത്ഥികളെ ശ്രദ്ധിക്കരുത്. ഈ തിരഞ്ഞെടുപ്പ് ഭരണഘടന, ജനാധിപത്യം, സാഹോദര്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. 20 വർഷം പഴക്കമുള്ള നിതീഷ് കുമാർ സർക്കാരിൽ സംസ്ഥാനത്തെ ജനങ്ങൾ മടുത്തു. നിതീഷ് കുമാർ കെട്ടിക്കിടക്കുന്ന വെള്ളം പോലെയായി. അത് ഒഴുകുന്നത് നിലച്ചു. ഇപ്പോൾ അതിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. അതിനാൽ, ഈ എൻഡിഎ സർക്കാരിനെ പുറത്താക്കണം.
മുഖ്യമന്ത്രിക്ക് ബോധമില്ല. സർക്കാരിന്റെ എല്ലാ വകുപ്പുകളിലും അഴിമതി വ്യാപകമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുന്നു.പൂർണിയ, അരാരിയ, കിഷ്ണഗഞ്ച്, കതിഹാർ ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയുടെ വികസനത്തിന് എൻഡിഎ സർക്കാർ ഒന്നും ചെയ്തിട്ടില്ല.
ഞങ്ങൾ അധികാരത്തിൽ വന്നാൽ, മേഖലയുടെ സമഗ്ര വികസനത്തിനായി സീമാഞ്ചൽ വികസന അതോറിറ്റി സ്ഥാപിക്കും. ഒരു സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രിയും അലിഗഡ് മുസ്ലീം സർവകലാശാലയുടെ കേന്ദ്രവും കൂടാതെ ഒരു ലോകോത്തര സർവകലാശാല ഇവിടെ നിർമ്മിക്കും.
നിതീഷ് കുമാർ 20 വർഷം മുഖ്യമന്ത്രിയായിട്ടും നരേന്ദ്ര മോദി 11 വർഷം പ്രധാനമന്ത്രിയായിട്ടും, ബീഹാർ രാജ്യത്തെ ഏറ്റവും പിന്നാക്കവും ദരിദ്രവുമായ സംസ്ഥാനമായി തുടരുകയാണ്. സീമാച്ചൽ സംസ്ഥാനത്തെ ഏറ്റവും ദരിദ്രമായ മേഖലയാണ്. അവരെ ഒരു പാഠം പഠിപ്പിക്കേണ്ട സമയമാണിത് .എൻഡിഎ സർക്കാർ ഞാൻ നൽകുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പകർത്തുകയാണിപ്പോൾ . കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അമിത് ഷാ ബീഹാറിൽ വന്നപ്പോൾ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞങ്ങളെ അനുവദിക്കില്ലെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഞാൻ പോരാടും, ഞാൻ വിജയിക്കും. ഞങ്ങൾ ബീഹാറികളാണ്, യഥാർത്ഥ ബീഹാറികൾ, ഞങ്ങൾ പുറത്തുനിന്നുള്ളവരെ ഭയപ്പെടുന്നില്ല “ തേജസ്വി യാദവ് പറഞ്ഞു.

