ബെംഗളൂരു ; 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ റാലി . ‘വോട്ട് അധികാർ റാലി’ എന്ന് പേരിട്ട പ്രതിഷേധത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, ചില റോഡുകളിൽ വാഹന ഗതാഗതം നിയന്ത്രിക്കുകയും ബദൽ മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷയ്ക്കായി 6,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
15 സെക്ടറുകൾ വിഭജിച്ച് ഓരോ സെക്ടറിലും ഒരു ഡിസിപിയുടെ നേതൃത്വത്തിൽ താൽക്കാലിക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. മഹാറാണി കോളേജ് ജംഗ്ഷൻ, ശേഷാദ്രി റോഡ്, മജസ്റ്റിക്, ഉപ്പാർപേട്ട്, കോട്ടൺപേട്ട്, കെമ്പെഗൗഡ ബസ് സ്റ്റാൻഡ്, സാംഗോളി രായണ്ണ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കർശനമായ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഗരുഡ ഫോഴ്സ്, ഡി-സ്വാത് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ആംബുലൻസുകൾ, ഡോക്ടർമാർ, മെഡിക്കൽ സ്റ്റാഫ് , 5 വായു വജ്ര ബസുകൾ ഉൾപ്പെടെ ആകെ 15 ബസുകൾ എന്നിവയും സജ്ജമാണ്.
തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് നേരത്തെ ഓഗസ്റ്റ് 5 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്താൻ പദ്ധതിയിട്ടിരുന്നു, എന്നാൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മരണത്തെത്തുടർന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു . രാജ്യത്തെ പ്രധാന നഗരങ്ങൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും പ്രതിഷേധം നടക്കും . ഫ്രീഡം പാർക്ക് പ്രതിഷേധത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ തുടങ്ങിയ സംസ്ഥാന കോൺഗ്രസ് നേതാക്കൾക്കാണ് പരിപാടിയുടെ ചുമതല.
പ്രതിഷേധ റാലിയിൽ വോട്ടെടുപ്പിൽ കൃത്രിമം നടന്നതിനെക്കുറിച്ചുള്ള രേഖകൾ പുറത്തുവിടുമെന്നാണ് സൂചന. ഇന്നലെ ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ കണക്കുകൾ ഉൾപ്പെടെയുള്ള രേഖകൾ രാഹുൽ പുറത്ത് വിട്ടിരുന്നു. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിന് കീഴിൽ വരുന്ന മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പിൽ കൃത്രിമം നടന്നതിനെക്കുറിച്ചുള്ള കണക്കുകൾ ഉൾപ്പെടെയുള്ള കൂടുതൽ രേഖകൾ ഇന്ന് വെളിപ്പെടുത്തും.

