ഗുവാഹത്തി: അസമിലെ കൊക്രജാർ ജില്ലയിൽ വീണ്ടും കലാപം . ബോഡോകളും ആദിവാസികളും തമ്മിലുള്ള അക്രമത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ദ്രുത കർമ്മ സേനയെ വിന്യസിച്ചു, ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊക്രജാർ പോലീസ് സ്റ്റേഷന് കീഴിലുള്ള കരിഗാവ് ഔട്ട്പോസ്റ്റ് പ്രദേശത്തെ മാൻസിങ് റോഡിൽ മൂന്ന് ബോഡോകൾ സഞ്ചരിച്ചിരുന്ന വാഹനം രണ്ട് ആദിവാസികളെ ഇടിച്ചുതെറിപ്പിച്ചിരുന്നു . തുടർന്ന് ആദിവാസി ഗ്രാമവാസികൾ മൂന്ന് ബോഡോകളെയും ആക്രമിക്കുകയും വാഹനത്തിന് തീയിടുകയും ചെയ്തു. സംഭവത്തിൽ രണ്ട് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.
ബോഡോ, ആദിവാസി സമുദായങ്ങളിലെ അംഗങ്ങൾ കരിഗാവ് ഔട്ട്പോസ്റ്റിനു സമീപം ദേശീയ പാത ഉപരോധിക്കുകയും ടയറുകളും ചില വീടുകളും കത്തിക്കുകയും സർക്കാർ ഓഫീസ് തീയിടുകയും കരിഗാവ് പോലീസ് ഔട്ട്പോസ്റ്റ് ആക്രമിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തി. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു
സ്ഥലത്ത് സൈന്യത്തെ വിന്യസിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ആർഎഎഫ് ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കൊക്രജാർ ജില്ലയിലും അയൽപക്കത്തുള്ള ചിരംഗ് ജില്ലയിലും ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സമാധാനം നിലനിർത്താൻ സർക്കാരുമായി സഹകരിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇപ്പോൾ ദാവോസിലേക്കുള്ള യാത്രയിലാണ്.
സ്ഥിതിഗതികൾ എത്രയും വേഗം സാധാരണ നിലയിലാകുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ ലെ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പോലീസ് ഡയറക്ടർ ജനറൽ ഹർമീത് സിംഗ് കൊക്രജാറിലേക്ക് പുറപ്പെട്ടു.

