ന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജഗ്ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജി ഭരണകക്ഷി പ്രതിപക്ഷ നേതാക്കൾക്കിടയിൽ വലിയ അഭ്യൂഹങ്ങൾക്ക് കാരണമായി. രാജി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ധൻകർ മുതിർന്ന രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചെങ്കിലും ഉടൻ സ്ഥാനമൊഴിയുമെന്ന് സൂചന നൽകിയിരുന്നില്ല.
രാജിയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് ധൻകറുമായി ഫോണിൽ സംസാരിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വെളിപ്പെടുത്തി. സഭയിൽ പലപ്പോഴും വാക്കുതർക്കങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ് ധൻകറും ജയറാം രമേശും. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ജയറാം രമേശ് ധൻകറുമായി കൂടിക്കാഴ്ച നടത്തി.പ്രമോദ് തിവാരി, അഖിലേഷ് പ്രസാദ് സിംഗ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ബിസിനസ് അഡ്വൈസറി കൗൺസിൽ യോഗത്തെക്കുറിച്ച് കൂടിക്കാഴ്ചയ്ക്കിടെ ധൻകർ സംസാരിച്ചു. എല്ലാം സാധാരണമായിരുന്നു. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്നും , രാജിവയ്ക്കുന്നതിന്റെ സൂചനകൾ പോലും ഇല്ലായിരുന്നുവെന്നും അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു.
ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 63 പ്രതിപക്ഷ എംപിമാരിൽ നിന്ന് ലഭിച്ച നോട്ടീസിൽ ധങ്കർ നേരത്തെ സഭയെ അഭിസംബോധന ചെയ്തിരുന്നു. വിവിധ പാർട്ടികളിൽ നിന്നുള്ള 100-ലധികം എംപിമാരുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയം തിങ്കളാഴ്ച സഭയിൽ പ്രധാന വിഷയമായിരുന്നു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിന്റെ നോട്ടീസ് രാജ്യസഭയിൽ അംഗീകരിച്ചതിനെച്ചൊല്ലി കേന്ദ്ര സർക്കാരുമായുള്ള തർക്കമാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. മാത്രമല്ല, ഗുസ്തിക്കാരുടെയും കർഷകരുടെയും പ്രതിഷേധത്തിനിടെ സർക്കാരിനെ വിമർശിച്ചതും വിവാദമായിരുന്നു.

