ന്യൂഡൽഹി ; നിയമസഭകൾ പാസ്സാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിയ്ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ . നീതിന്യായ വ്യവസ്ഥയിൽ ഭരണഘടനാ പരിഷ്കാരങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ നിയമത്തിലെ പ്രധാന ചോദ്യങ്ങൾ തീരുമാനിക്കുന്നതിനുള്ള ബെഞ്ചിന്റെ ഘടന കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 145(3) ഭേദഗതി ചെയ്യാനും ധൻഖർ നിർദ്ദേശിച്ചു. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യൻ പ്രസിഡന്റിന് നിർദ്ദേശം നൽകുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ല . എന്തിന്റെ അടിസ്ഥാനത്തിലാണ് അത് എന്നത് പ്രധാനമാണ്. ഭരണഘടന പ്രകാരം നിങ്ങൾക്ക് ഉള്ള ഒരേയൊരു പ്രത്യേക അധികാരം ആർട്ടിക്കിൾ 145(3) പ്രകാരം ഭരണഘടന വ്യാഖ്യാനിക്കുക എന്നതാണ്. അവിടെ അഞ്ചോ അതിലധികമോ ജഡ്ജിമാർ ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു.
“നിയമനിർമ്മാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ജഡ്ജിമാർ നമുക്കുണ്ട്, അവർക്ക് ഉത്തരവാദിത്തമില്ല. കാരണം രാജ്യത്തെ നിയമം അവർക്ക് ബാധകമല്ല,” അദ്ദേഹം പറഞ്ഞു .
രാഷ്ട്രപതിക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും അത് രാജ്യത്തിന്റെ നിയമമായി മാറുമെന്ന് അവതരിപ്പിക്കുകയും ചെയ്ത സുപ്രീം കോടതി ജഡ്ജിമാർ, ഭരണഘടനയുടെ ശക്തി മറന്നുപോയി.ഇന്ത്യയുടെ രാഷ്ട്രപതി വളരെ ഉയർന്ന പദവി വഹിക്കുന്നുണ്ടെന്ന് നമ്മൾ മറക്കരുത്. ഭരണഘടന സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കാനും പ്രസിഡന്റുമാർ പ്രതിജ്ഞയെടുക്കുന്നു. എന്നാൽ ഉപരാഷ്ട്രപതി ഉൾപ്പെടെയുള്ള മന്ത്രിമാർ, എംപിമാർ, ജഡ്ജിമാർ എന്നിവർ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. ഈ സാഹചര്യത്തിൽ, എന്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്ക് നിർദ്ദേശങ്ങൾ നൽകുന്നത്? ജഗ്ദീപ് ധൻഖർ ചോദിച്ചു.

