ബെംഗളൂരു : 2029 ൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . രാജ്യം ഒരു “മാറ്റത്തിനായി” ആഗ്രഹിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു.
ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംസാരിച്ച ശിവകുമാർ, സംസ്ഥാനത്ത് 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടക കോൺഗ്രസ് സ്ഥാനം നിലനിർത്തുമെന്നും പറഞ്ഞു. ‘ 2029 ൽ രാഹുൽ ഗാന്ധി ഈ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. രാജ്യത്തിന് ഒരു മാറ്റം ആവശ്യമാണ്. ‘ – ഡി കെ ശിവകുമാർ പറഞ്ഞു.
കഴിഞ്ഞ മാസം, ആർജെഡി നേതാവ് തേജസ്വി യാദവ് 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി പിന്തുണയ്ക്കുമെന്ന് പറഞ്ഞിരുന്നു . ഈ വർഷം കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശിവകുമാർ തള്ളിക്കളഞ്ഞു.
മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒപ്പം “പ്രതീക്ഷയില്ലാതെ ജീവിതമില്ല. ലോകത്തിലെ എല്ലാവരും പ്രതീക്ഷയിലാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം പ്രധാനമല്ല. എനിക്ക് സ്വാർത്ഥനാകാൻ താൽപ്പര്യമില്ല. കഠിനാധ്വാനം തീർച്ചയായും ഫലം ചെയ്യും ,” എന്നും ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ നവംബറിൽ 2.5 വർഷം പൂർത്തിയാക്കുകയാണ് .
“പാർട്ടി ഹൈക്കമാൻഡിൻറെ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നു. “അവർ എന്ത് തീരുമാനിച്ചാലും, ഞങ്ങൾ അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കർണാടകയ്ക്ക് നല്ല ഭരണം നൽകുക എന്നതാണ് ലക്ഷ്യം. ഞങ്ങളെ അധികാരത്തിലെത്തിച്ചത് ഐക്യമാണ്,” ശിവകുമാർ പറഞ്ഞു.

