ശ്രീനഗർ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിലൂടെ വന്ദേ ഭാരത് ട്രെയിന്റെ പരീക്ഷണ ഓട്ടം . ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ ആണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
കത്ര-ബുദ്ഗാം റെയിൽവേ ട്രാക്കിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഈ ട്രെയിനിൽ ആകെ 18 കോച്ചുകളാണുള്ളത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിൽ റെയിൽവേയുടെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി നിരവധി റെയിൽവേ ലൈനുകൾ സ്ഥാപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ ട്രെയിൻ ഓടിക്കാനായത് ഇന്ത്യൻ റെയിൽവേയുടെ നേട്ടമാണ്.
ഈ വന്ദേ ഭാരത് ട്രെയിൻ ‘കശ്മീർ സ്പെഷ്യൽ’ എന്ന പേരിലാണ് അറിയപ്പെടുന്നത് . കാശ്മീർ താഴ്വരയിലെ കാലാവസ്ഥയ്ക്കനുയോജ്യമായ വിധമാണ് വന്ദേഭാരത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ട്രെയിൻ വരുന്നതോടെ കത്രയിൽ നിന്ന് ബനിഹാലിലേക്കുള്ള ദൂരം 90 മിനിറ്റ് കൊണ്ട് താണ്ടാനാകും. റിപ്പബ്ലിക് ദിനത്തിലാണ് കശ്മീരിൽ വന്ദേഭാരത് ഓടിത്തുടങ്ങുക. പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ട്രെയിനിൻ്റെ ഗ്ലാസിൽ ഒരിക്കലും മഞ്ഞും അടിഞ്ഞുകൂടില്ല. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കാശ്മീർ എന്ന പറുദീസ മുഴുവൻ ആസ്വദിക്കാനുമാകും .