ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ തീരുവ ഏർപ്പെടുത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. യുഎസിൽ നിന്നുള്ള യുദ്ധവിമാനം വാങ്ങാനുള്ള ചർച്ചകൾ പോലും ഇന്ത്യ ഉപേക്ഷിച്ചു . യുഎസ് പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമ്പോൾ മാത്രമേ യുഎസുമായുള്ള വ്യാപാര കരാർ മുദ്രവെക്കൂ എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയും യുഎസും തമ്മിലുള്ള നിർദ്ദിഷ്ട വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവച്ചേക്കാമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് .
നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിൽ (ബിടിഎ) ഇന്ത്യയും യുഎസും ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ നടത്തി. ആറാം റൗണ്ട് ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിലെത്തേണ്ടതായിരുന്നു. ഓഗസ്റ്റ് 25 മുതൽ 29 വരെ വ്യാപാര കരാറിനെക്കുറിച്ച് യുഎസും ഇന്ത്യയും ചർച്ചകൾ നടത്താനിരിക്കുകയാണ്. എന്നാൽ ഈ മാസം വ്യാപാര കരാറുമായി ബന്ധപ്പെട്ട അടുത്ത റൗണ്ട് മീറ്റിംഗിന് യുഎസ് സംഘം വരില്ലെന്നാണ് പുതിയ റിപ്പോർട്ട് . യുഎസ് സംഘം സന്ദർശന തീയതി നീട്ടിയിരിക്കുകയാണ് .
ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ഉഭയകക്ഷി വ്യാപാര കരാറിനെ (ബിടിഎ) കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ പറഞ്ഞു. ബിടിഎ പ്രകാരം 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഞങ്ങൾ അമേരിക്കയുമായി പൂർണ്ണമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ യുഎസ് ദ്വിതീയ താരിഫ് ചുമത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. യുഎസ് ദ്വിതീയ താരിഫ് ഏർപ്പെടുത്തിയാൽ അത് ഇന്ത്യയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
“റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അത് ഇന്ത്യയാണ്. ഇന്ത്യ ഏകദേശം 40 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു. ചൈനയും ധാരാളം എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്, ഞാൻ ഒരു ദ്വിതീയ താരിഫ് ഏർപ്പെടുത്തിയാൽ അത് അവർക്ക് വിനാശകരമായിരിക്കും.”എന്നാണ് പുടിനെ കാണുന്നതിന് മുമ്പ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞത്.

