ന്യൂഡൽഹി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ . സൈനിക ആക്രമണങ്ങളെക്കുറിച്ച് പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചിരുന്നു എന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. പാർലമെന്റിൽ നടന്ന ഒരു കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ സംസാരിച്ച വിദേശകാര്യമന്ത്രി ജയശങ്കർ, കോൺഗ്രസ് ആരോപണങ്ങൾ സത്യസന്ധമല്ലാത്തതും , തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കി.
‘ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായ രീതിയിൽ ലക്ഷ്യമിട്ട ഇന്ത്യയുടെ സൈനിക നടപടി പാകിസ്ഥാന്റെ മനോവീര്യം തകർത്തു . പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചതു പോലെ , ഓപ്പറേഷൻ ആരംഭിക്കും മുൻപ് വിവരങ്ങൾ നൽകിയിരുന്നില്ല . ഓപ്പറേഷൻ പൂർത്തിയായ ശേഷം ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) പാകിസ്ഥാൻ ഡിജിഎംഒയെ ഇക്കാര്യം അറിയിച്ചതായും ‘ അദ്ദേഹം പറഞ്ഞു.
ഓപ്പറേഷനിൽ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും ജയശങ്കർ വ്യക്തമാക്കി. അമേരിക്ക സമീപിച്ചപ്പോൾ, ഡിജിഎംഒ തലത്തിൽ മാത്രമേ ചർച്ചകൾ നടക്കൂ എന്ന് ഇന്ത്യ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

