ഹൈദരാബാദ് : മരിച്ചെന്ന് കരുതി സംസ്ക്കാരകർമ്മങ്ങൾക്കായി കൊണ്ടുപോയ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ . ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലാണ് വിചിത്ര സംഭവം . മുൻ വനിതാ സർപഞ്ച് രാമതുളസിയാണ് അന്ത്യകർമ്മങ്ങൾക്ക് മിനിട്ടുകൾ ശേഷിക്കേ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് .
കൈകലൂർ മണ്ഡല് മുൻ സർപഞ്ചായ ഗുരാജല രാമ തുളസി കുറച്ചുനാളായി ഗുരുതരമായ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു . മൂന്ന് ദിവസം മുമ്പ്, ആരോഗ്യ നില വഷളായതിനെത്തുടർന്ന്, അവരെ ഏലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന തുളസിയ്ക്ക് കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതമുണ്ടായത്. പിന്നാലെ ഏറെ ശ്രമിച്ചിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും തുളസി മരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. ഗ്രാമത്തിൽ അനുശോചന ബോർഡുകളും ഉയർന്നു. തുളസിയുടെ ശരീരവുമായി തിരികെ ആംബുലൻസിൽ മടങ്ങുന്നതിനിടെ മണ്ടവള്ളി മണ്ഡലത്തിലെ ചിന്തപാടു ഗ്രാമത്തിന് സമീപം എത്തിയപ്പോൾ, ആംബുലൻസ് റോഡിലെ വലിയ കുഴിയിൽ വീണു. വാഹനം ശക്തമായി കുലുങ്ങിയതോടെ തുളസിയുടെ ശരീരത്തിലും ചലനം ഉണ്ടായതായി ബന്ധുക്കൾ ശ്രദ്ധിച്ചു.
ഉടൻ തന്നെ വാഹനം അടുത്തുള്ള ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. പരിശോധനയിൽ, നാഡിമിടിപ്പ് വളരെ ദുർബലമാണെന്നെങ്കിലും, രാമ തുളസി ശ്വസിക്കുന്നുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം, ആദ്യം ഏലൂരിലെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിജയവാഡയിലെ ജനറൽ ആശുപത്രിയിലേക്കും മാറ്റി . നിലവിൽ രാമ തുളസി വിജയവാഡ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്.

