തിരുവനന്തപുരം : ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ മണ്ണിടിച്ചിൽ . മഴയെ തുടർന്ന് പൊന്മുടിയിലെ ഇക്കോ ടൂറിസം സെന്റർ അടച്ചിടാനും തീരുമാനിച്ചു. കല്ലാർ-പൊന്മുടി റോഡിലെ 12-ാം വളവിലും ഇടിയക്കോവിലിനടുത്തുള്ള 22-ാം വളവിലും മണ്ണിടിച്ചിൽ ഉണ്ടായി. പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. വിതുരയിൽ നിന്ന് ഫയർ ഫോഴ്സിനെയും അയച്ചിട്ടുണ്ട്.
ടൂറിസ്റ്റ് ഹോട്ട്സ്പോട്ട് നെല്ലിയാമ്പതിയും അടച്ചിട്ടു. ഇന്നും നാളെയും വിനോദസഞ്ചാരികൾസ്ഥലം സന്ദർശിക്കുന്നത് വിലക്കി. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി . കനത്ത മഴയെത്തുടർന്ന് കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടം അടച്ചിട്ടു. വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാൻ അനുവാദമില്ല. അച്ചൻകോവിൽ മേഖലയിലെ ഉൾവനത്തിലും കനത്ത മഴ പെയ്തു.
റാന്നി മേഖലയിൽ 2018 ന് സമാനമായ വെള്ളപ്പൊക്ക സാഹചര്യം ഉണ്ടാകുമെന്ന ഭയത്തിലാണ് നാട്ടുകാർ . റാന്നി വടശ്ശേരിക്കര റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി പമ്പ, കക്കാട്ടാർ നദികൾ കരകവിഞ്ഞൊഴുകുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി ഡിങ്കി ബോട്ടുകൾ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആറന്മുള മേഖലയിലും ജലനിരപ്പ് ഉയർന്നതായി റിപ്പോർട്ടുണ്ട്.

