ന്യൂഡൽഹി : തിങ്കളാഴ്ച പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മരണം . 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പിന്തുണയുള്ള മുസ്ലീം കോൺഫറൻസിന്റെ സായുധ ഗുണ്ടകൾ അടിസ്ഥാന അവകാശങ്ങൾ ആവശ്യപ്പെടുന്ന സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്നുവെന്നാണ് റിപ്പോർട്ട്.
പുറത്ത് വന്ന വീഡിയോകളിൽ ഒന്നിൽ പുരുഷന്മാർ ആകാശത്തേക്ക് വെടിവയ്ക്കുന്നതും മറ്റുള്ളവർ പതാക വീശുകയും, മുദ്രാവാക്യം വിളിച്ച് കാറുകൾക്ക് മുകളിൽ കയറുന്നതും കാണാം.’മൗലികാവകാശ നിഷേധ’ത്തിനെതിരെ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൻ പ്രതിഷേധങ്ങൾ പാക് അധീന കശ്മീരിൽ അരങ്ങേറി. മാർക്കറ്റുകൾ, കടകൾ, പ്രാദേശിക ബിസിനസുകൾ , ഗതാഗത സേവനങ്ങൾ എന്നിവ നിർത്തി വച്ചു.
പാകിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ നിയമസഭയിലെ 12 സീറ്റുകൾ നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള 38 ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. “70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളുടെ പ്രചാരണം… അവകാശങ്ങൾ നൽകുകയോ ജനങ്ങളുടെ കോപം നേരിടുകയോ ചെയ്യുക,” എഎസി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
സമരം ‘പ്ലാൻ എ’ ആണെന്നും – ജനങ്ങളുടെ ക്ഷമ നശിച്ചുവെന്നും അധികാരികൾ എഎസിക്ക് ബാക്കപ്പ് പദ്ധതികളും കടുത്ത ‘പ്ലാൻ ഡി’യുമുണ്ടെന്നും ഷൗക്കത്ത് നവാസ് മിർ പറഞ്ഞു. അതേസമയം പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.പഞ്ചാബ് പ്രവിശ്യയിൽ നിന്നും, ഇസ്ലാമാബാദിൽ നിന്നും ആയിരക്കണക്കിന് സൈനികരെ തിരിച്ചുവിട്ടിട്ടുണ്ടെന്നും പറഞ്ഞു.പാക് സർക്കാർ മേഖലയിൽ ഇന്റർനെറ്റ് ആക്സസ് നിയന്ത്രിച്ചിരിക്കുന്നു.

