ചെന്നൈ: കരൂരിൽ നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ടിവികെ നേതാവ് വിജയ് . “എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾക്ക് പറയാൻ കഴിയാത്ത അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഃഖത്തിലുമാണ് ഞാൻ . കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” അദ്ദേഹം X-ൽ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം വിജയിയുടെ കരൂർ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും എട്ട് കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടെ 38 പേർ മരിച്ചത് . ഒട്ടേറെ പേർക്ക് പരിക്കേറ്റു . തിരുച്ചിറപ്പള്ളിയിൽ നിന്നും സേലത്തുനിന്നും 40-ലധികം ഡോക്ടർമാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. വിജയ് വേദിയിൽ എത്തുമ്പോഴേക്കും പലരും ബോധരഹിതരായി വീണിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
അവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല. ഇത്രയും വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ ഒരു മുൻകരുതലും ഉണ്ടായിരുന്നില്ല. റാലിയിൽ 10,000 പേർക്ക് പങ്കെടുക്കാൻ മാത്രമാണ് പോലീസ് അനുമതി നൽകിയിരുന്നത് . 50,000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന മൈതാനത്ത് രണ്ട് ലക്ഷത്തോളം പേർ ഉണ്ടായിരുന്നു.

