ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യൻ വംശജയുമായ തുളസി ഗബ്ബാർഡ്. നിരോധിത ഖാലിസ്ഥാനി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളിൽ നടപടി വേണമെന്ന് കൂടിക്കാഴ്ചയിൽ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ സത്വര നടപടി ഉണ്ടാകുമെന്ന് തുളസി ഗബ്ബാർഡ് രാജ്നാഥ് സിംഗിനെ അറിയിച്ചു.ആഗോള ഭീകരതയുടെ വേരറുക്കാൻ ഇന്ത്യയുമായി ഒരുമിച്ച് പോരാടാൻ അമേരിക്ക ആഗ്രഹിക്കുന്നു. പ്രതിരോധ മേഖലയിലും ഇന്റലിജൻസ് മേഖലയിലും ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ അമേരിക്ക താത്പര്യം പ്രകടിപ്പിക്കുന്നതായും തുളസി ഗബ്ബാർഡ് വ്യക്തമാക്കി.
ബഹുരാഷ്ട്ര സന്ദർശനങ്ങളുടെ ഭാഗമായാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുളസി ഗബ്ബാർഡ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. മാർച്ച് 18ന് ന്യൂഡൽഹിയിൽ നടക്കുന്ന വിവിധ രാജ്യങ്ങളിലെ സുരക്ഷാ തലവന്മാരുടെ സംയുക്ത യോഗത്തിൽ വെച്ച് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും. ഇന്ന് ആരംഭിക്കുന്ന സംയുക്ത യോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഉച്ചകോടിയിൽ ആമുഖ പ്രഭാഷണം നടത്തും.