വാഷിംഗ്ടൺ:പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഫീൽഡ് മാർഷൽ അസിം മുനീറും ഒപ്പമുണ്ടായിരുന്നു. ട്രംപ് ഓവൽ ഓഫീസിൽ നിന്ന് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തിരുന്നു.
“നമുക്ക് ഒരു മികച്ച നേതാവ് വരുന്നു, പാകിസ്ഥാൻ പ്രധാനമന്ത്രിയും ഫീൽഡ് മാർഷലും. ഫീൽഡ് മാർഷൽ വളരെ മികച്ച ആളാണ്, പ്രധാനമന്ത്രിയും അതുപോലെ തന്നെ, അവർ വരുന്നു, അവർ ഇവിടെ ഉണ്ടാകും, ഞങ്ങൾ അല്പം താമസിച്ചു “ – ട്രംപ് പറഞ്ഞു.
സെപ്റ്റംബർ 23 ന്, യുഎസ് പ്രസിഡന്റും എട്ട് ഇസ്ലാമിക-അറബ് രാജ്യങ്ങളിലെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നിരുന്നു. അതിൽ പാകിസ്ഥാനും ഉൾപ്പെടുന്നു.മെയ് മാസത്തിൽ ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിനിടെ ട്രമ്പ് സമാധാന ഇടപെടൽ നടത്തിയെന്ന് പാകിസ്ഥാൻ പ്രശംസിച്ചതോടെ യുഎസ്-പാകിസ്ഥാൻ ബന്ധം കൂടുതൽ ഊഷ്മളമാകുകയായിരുന്നു. ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ പോലും പാകിസ്ഥാൻ തയ്യാറായി.
ജൂണിൽ ട്രംപ് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു.ഏതാനും ആഴ്ചകൾക്കുശേഷം, ട്രംപ് ഭരണകൂടം പാകിസ്ഥാനുമായി ഒരു പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചു.ഓഗസ്റ്റിൽ മുനീർ വീണ്ടും വാഷിംഗ്ടൺ സന്ദർശിച്ചു.ഈ സന്ദർശന വേളയിൽ, രാജ്യത്തിന്റെ നിർണായക ധാതു മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ യുഎസിൽ നിന്ന് 500 മില്യൺ യുഎസ് ഡോളർ നിക്ഷേപം നേടി.

