തിരുവനന്തപുരം: ശബരിമല തീർത്ഥാടനം സുഗമവും ഭക്തർക്ക് കൂടുതൽ സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പരിഷ്കാരങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് .തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ് കെ. ജയകുമാർ.
ഈ വർഷം മുതൽ ശബരിമലയിലെ എല്ലാ സംവിധാനങ്ങളും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റി ആവശ്യമില്ല . അതുകൊണ്ട് ഇനി മുതൽ ‘അയ്യപ്പ സംഗമം’ ഉണ്ടാകില്ല.സന്നിധാനത്ത് 550 മുറികൾ ഇനി ഭക്തർക്ക് ഓൺലൈനായി ലഭ്യമാക്കും. നേരത്തെ ഇത് 190 മുറികൾ മാത്രമായിരുന്നു. എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. ബുക്കിംഗ് മുറികൾക്കുള്ള ഡെപ്പോസിറ്റ് തുക പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് മുൻകൂട്ടി റൂം ഫീസ് അടച്ച് 50 രൂപ സർവീസ് ചാർജ് നൽകിബുക്ക് ചെയ്യാം.
സന്നിധാനത്ത് മുറികളും പരിസരവും വൃത്തിയാക്കാൻ നിലവിൽ പ്രത്യേക ആളുകളില്ലാത്തതിനാൽ, ഈ സീസൺ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറും. ശബരി ഗസ്റ്റ് ഹൗസിലെ 56 മുറികൾക്ക് പുറമേ, ഹൈക്കോടതിയുടെയും ഹൈപ്പർ പവർ കമ്മിറ്റിയുടെയും അനുമതിയോടെ 60 പുതിയ മുറികൾ നിർമ്മിക്കും. നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ഓഫീസിൽ എഐ ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള കൺട്രോൾ റൂം തുറക്കുമെന്നും കെ. ജയകുമാർ പറഞ്ഞു.

