ന്യൂഡൽഹി : ഇന്ത്യയുമായി വളരെ ഫലപ്രദമായ കരാറിലെത്താൻ പോകുന്നുവെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനായി ദാവോസിൽ എത്തിയതാണ് ട്രംപ് . “ഇന്ത്യൻ പ്രധാനമന്ത്രി മോദിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്… മോദി ഒരു അത്ഭുതകരമായ വ്യക്തിയും എന്റെ സുഹൃത്തുമാണ്. ഇന്ത്യയുമായി ഞങ്ങൾ നല്ല കരാറിലെത്താൻ പോകുന്നു“ എന്നാണ് ട്രംപ് പറയുന്നത് .
റഷ്യ – യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യാനായി സ്വിറ്റ്സർലൻഡിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാളാഡിമർ സെലെൻസ്കിയെ കാണുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും കരാറിലെത്താൻ കഴിയുന്ന ഒരു ഘട്ടത്തിലാണെന്നും ട്രംപ് സൂചിപ്പിച്ചു.
‘ അവർ ഇപ്പോൾ ഒത്തുതീർപ്പിലെത്താൻ കഴിയുന്ന ഒരു ഘട്ടത്തിലാണെന്ന് ഞാൻ കരുതുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ അവർ വിഡ്ഢികളാണ് ‘ റഷ്യൻ, യുക്രേനിയൻ നേതാക്കളെ പരാമർശിച്ച് ട്രംപ് പറഞ്ഞു.
ദാവോസിലെ തന്റെ പ്രസംഗത്തിനിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഉൾപ്പെടെ “എട്ട് യുദ്ധങ്ങളിൽ” മധ്യസ്ഥത വഹിച്ചെന്ന തന്റെ അവകാശവാദം ട്രംപ് ആവർത്തിച്ചു . അടുത്ത വെടിനിർത്തൽ കരാറിലെത്താൻ സമയം അടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. “നമ്മൾ ആ കരാറിന്റെ വളരെ അടുത്താണെന്ന് എനിക്ക് പറയാൻ കഴിയും. നമ്മൾ ഇത് നിർത്തണം… അവർ ഇപ്പോൾ ഒത്തുതീർപ്പിലെത്താൻ കഴിയുന്ന ഒരു സ്ഥാനത്താണെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, അവർ വിഡ്ഢികളാണ്.”- അദ്ദേഹം പറഞ്ഞു.

