ചെന്നൈ : തമിഴ്നാട്ടിൽ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം. വിജയ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തങ്ങൾ അട്ടിമറിച്ചതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി. സർക്കാരിന്റെ താഴെയിറക്കാനായി 15 ടിവികെ എം എൽ എ മാരെ കൊണ്ട് രാജിവയ്പ്പിക്കാൻ ശ്രമം നടന്നുവെന്നാണ് സൂചന. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉത്തംഗരൈയിലെ ടിവികെ എം എൽ എ എൻ ഇളയരാജ ചെന്നൈ പൊലീസിൽ പരാതി നൽകിയതോടെയാണ് വിഷയം പുറത്ത് വന്നത് . ഐപിഡിഎസ് എന്ന കൺസൽട്ടൻസി സ്ഥാപനത്തിലെ ഒരാൾ തമിഴ്നാട് സ്പീക്കർ ജെ സി ഡി പ്രഭാകരനെതിരെ വോട്ടുചെയ്യാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തതായി ഇളയരാജ ആരോപിച്ചു. ഈ വാഗ്ദാനം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും എം എൽ എ കൂട്ടിച്ചേർത്തു.
പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാളായ തിരുനാവുക്കരസുവിന് ഡിഎം കെ എം എൽ എ സെന്തിൽ ബാലാജിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറയുന്നു. പിന്നീട് രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതികളിലൊരാൾ മുൻ ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജിയുടെ സഹോദരൻ വി. അശോക് കുമാറിനെ ചെന്നൈയിൽ വെച്ച് കണ്ടതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി തമിഴ്നാട് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.സെന്തിൽ ബാലാജിയുടെയും അശോക് കുമാറിന്റെയും നിർദ്ദേശപ്രകാരം തിരുനാവുക്കരശു ടിവികെ എംഎൽഎയെ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്
ഒരു മാസത്തിലേറെയായി ഡിഎംകെ ടിവികെ എംഎൽഎമാരെ വേട്ടയാടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി എംഎൽഎമാരെ സാമ്പത്തിക വാഗ്ദാനങ്ങളുമായി സമീപിച്ചിട്ടുണ്ടെന്നും തമിഴ്നാട് മന്ത്രി ആർ. നിർമ്മൽ കുമാർ ആരോപിച്ചു.

