ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണം എന്ന പേരിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ വ്യാജ ചിത്രം സമ്മാനിച്ചതിനെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി . ചൈനീസ് റോക്കറ്റ് ലോഞ്ചിന്റെ ചിത്രമാണ് അസീം മുനീർ എഡിറ്റ് ചെയ്ത് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും “മണ്ടൻ തമാശക്കാർ” എന്നാണ് അസദുദ്ദീൻ ഒവൈസി പരിഹസിച്ചത്. “ഈ മണ്ടൻ തമാശക്കാർ ഇന്ത്യയുമായി മത്സരിക്കാൻ ആഗ്രഹിക്കുന്നു. 2019 ലെ ചൈനീസ് സൈനിക പരേഡിന്റെ ഒരു ഫോട്ടോ നൽകി അത് ഇന്ത്യയ്ക്കെതിരായ വിജയമാണെന്ന് അവർ അവകാശപ്പെട്ടു. ഇതിൽ പാകിസ്ഥാൻ പങ്കാളിയാണ്. അവർക്ക് ശരിയായ ഒരു ഫോട്ടോ പോലും സമ്മാനമായി നൽകാൻ കഴിയില്ല,” കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായുള്ള സംവാദത്തിനിടെ ഒവൈസി പറഞ്ഞു. പകർത്താൻ പോലും ബുദ്ധി വേണം അതും അവർക്കില്ലെന്ന് ഒവൈസി പറയുന്നു.

