മുംബൈ ; ഇന്ത്യൻ വിപണിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം പ്രഖ്യാപിച്ച് ഇലക്ട്രിക് വാഹന (ഇവി) ഭീമനായ ടെസ്ല . മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലെ (ബികെസി) മേക്കർ മാക്സിറ്റി മാളിൽ കമ്പനി തങ്ങളുടെ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്തു.
“ഇന്ന് മുംബൈയിൽ നിന്ന് ടെസ്ല ഇന്ത്യയിലെ യാത്ര ആരംഭിച്ചത് നമുക്കെല്ലാവർക്കും വളരെയധികം സന്തോഷകരമായ കാര്യമാണ് ” എന്നാണ് ടെസ്ല ഇന്ത്യയിൽ ആദ്യ ചുവടുവെപ്പ് നടത്തിയതിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത് .
ടെസ്ലയുടെ എക്സ്പീരിയൻസ് സെന്റർ, ഡെലിവറി നെറ്റ്വർക്ക്, ലോജിസ്റ്റിക്സ്, സർവീസിംഗ് സൗകര്യങ്ങൾ എന്നിവ മഹാരാഷ്ട്രയിൽ ഒരേസമയം ആരംഭിക്കുന്നുണ്ടെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. “ടെസ്ല മഹാരാഷ്ട്രയെയും മുംബൈയെയും അതിന്റെ പ്രവേശനത്തിനായി തിരഞ്ഞെടുത്തതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ന് മഹാരാഷ്ട്ര ഇലക്ട്രിക് വാഹന മേഖലയിൽ ഒരു നേതാവായി മാറിയിരിക്കുന്നു, വരും ദിവസങ്ങളിൽ ടെസ്ലയുടെ മുഴുവൻ പരിസ്ഥിതി വ്യവസ്ഥയും മഹാരാഷ്ട്രയിൽ വികസിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു. നേരത്തെ ടെസ്ല തങ്ങളുടെ ഇന്ത്യാ പ്രവേശനത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ടെസ്ല തങ്ങളുടെ ജനപ്രിയ മോഡൽ വൈ കാറിന്റെ വിലയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഓൺ-റോഡ് വില 61 ലക്ഷം രൂപയിൽ ആരംഭിക്കും. റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം രൂപയും ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷം രൂപയുമാണ് വില. ഈ വിലകളോടെ, ഇന്ത്യയുടെ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയിൽ ഇടം നേടാൻ ടെസ്ല ഒരുങ്ങിക്കഴിഞ്ഞു.

