ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് വിദേശികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക ഭീകര സംഘടനയായ ടി ആർ എഫ് ഏറ്റെടുത്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. നടന്നത് ഭീകരാക്രമണമാണെന്ന് ഏറെക്കുറെ ഉറപ്പായതോടെ, അന്വേഷണം എൻ ഐ എ ഏറ്റെടുത്തു.
അമിത് ഷായുടെ നിർദ്ദേശപ്രകാരം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഡിജിപിയും ശ്രീനഗറിൽ എത്തിയിട്ടുണ്ട്. സൗദി സന്ദർശനത്തിനിടെ വിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് മാറ്റിയിട്ടുണ്ട്.
നിരോധിത ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് എന്നിവയെ ഉപയോഗിച്ച് ഇന്ത്യയിൽ വീണ്ടും അസ്ഥിരത സൃഷ്ടിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന്റെ ഭാഗമാണ് പഹൽഗാം ഭീകരാക്രമണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോനാഗാമിൽ അമർനാഥ് തീർത്ഥാടകർക്ക് നേരെ നടന്ന സമാനമായ ആക്രമണത്തിന് പഹൽഗാം ആക്രമണവുമായി ബന്ധമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
ടി ആർ എഫിന്റെ ഫാൽക്കൺ സ്ക്വാഡ് ആണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സൈന്യത്തിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ് പഹൽഗാം. ആക്രമണം നടന്ന സ്ഥലത്ത് കമാൻഡോ സംഘം എത്തിച്ചേർന്നിട്ടുണ്ട്.

