പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം അവസാനിക്കാനിരിക്കെ, രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് സ്ത്രീ വോട്ടർമാർക്ക് പുതിയ വാഗ്ദാനവുമായി രംഗത്ത് . “മയി ബഹിൻ മാൻ യോജന” നിർദ്ദിഷ്ട പദ്ധതി പ്രകാരം ഒറ്റത്തവണ വാർഷിക ധനസഹായമായി ₹30,000 രൂപയാണ് സ്ത്രീകൾക്ക് നൽകുക.
തിങ്കളാഴ്ച പട്നയിൽ നടന്ന പ്രചാരണ റാലിയിലായിരുന്നു പ്രഖ്യാപനം. “ഞങ്ങൾ സർക്കാർ രൂപീകരിച്ചതിനുശേഷം, മകരസംക്രാന്തിയിൽ (ജനുവരി 14), മായി ബഹിൻ മാൻ യോജനയ്ക്ക് കീഴിൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ₹30,000 നിക്ഷേപിക്കും. നിലവിലെ ഭരണത്തിന്റെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആളുകൾ “മാറ്റത്തിനായുള്ള മാനസികാവസ്ഥയിലാണ്. കഴിഞ്ഞ 20 വർഷമായി അധികാരത്തിലിരിക്കുന്ന സർക്കാരിനെ ഇത്തവണ ബീഹാറിലെ ജനങ്ങൾ പിഴുതെറിയും,”എന്നും തേജസ്വി യാദവ് പറഞ്ഞു.
എല്ലാ വീടുകൾക്കും സൗജന്യ വൈദ്യുതി, കർഷകർക്ക് ഉറപ്പായ മിനിമം താങ്ങുവില (എംഎസ്പി) എന്നിവയുൾപ്പെടെ മഹാഗത്ബന്ധന്റെ തിരഞ്ഞെടുപ്പ് അജണ്ടയിലെ മറ്റ് പ്രധാന ഘടകങ്ങളും തേജസ്വി പ്രഖ്യാപിച്ചു. ബീഹാറിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് . ആദ്യ ഘട്ടം നവംബർ 6 നും രണ്ടാം ഘട്ടം നവംബർ 11 നും വോട്ടെണ്ണൽ നവംബർ 14 നും നടക്കും.

