ഭൂമിയിൽ പിറന്നു വീണ ആദ്യ മണിക്കൂറിൽ അവൻ കണ്ടത് നൊന്ത് പ്രസവിച്ച അമ്മയെ അല്ല. ചാരത്ത് അച്ഛനുമുണ്ടായില്ല . പകരം ഇരുൾ മൂടിയ കൊടും വനത്തിൽ കനത്ത തണുപ്പും, ഉറുമ്പുകളുമാണ് അവന് ചുറ്റുമുണ്ടായിരുന്നത് .മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ആണ് മാതാപിതാക്കൾ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ നന്ദൻവാടി വനത്തിൽ ഉപേക്ഷിച്ചത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉണർന്ന ഗ്രാമവാസികളാണ് തണുപ്പും പ്രാണികളുടെ കടിയും സഹിച്ച് കല്ലിനടിയിൽ ശ്വാസംമുട്ടലോടെ കിടക്കുന്ന ആൺകുഞ്ഞിനെ കണ്ടത്. സർക്കാർ അധ്യാപകനായ പിതാവ് ബബ്ലു ദണ്ടോലിയയും അമ്മ രാജകുമാരി ദണ്ടോലിയയും നാലാമത്തെ കുട്ടിയായതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു . രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ജോലി നിയന്ത്രിക്കുന്ന സർക്കാർ നിയമങ്ങൾ പ്രകാരം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന ദമ്പതികൾ ഗർഭം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
സെപ്റ്റംബർ 23 ന് അതിരാവിലെ, വീട്ടിലാണ് രാജകുമാരി പ്രസവിച്ചത് . മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ പിതാവ് ബബ്ലു കാട്ടിലേക്ക് കൊണ്ടുപോയി ഉപേക്ഷിച്ചു.നന്ദൻവാടി ഗ്രാമത്തിൽ രാവിലെ നടക്കാൻ പോയവരാണ് ആദ്യം കരച്ചിൽ കേട്ടത്. “അത് ഒരു മൃഗമാണെന്ന് ഞങ്ങൾ കരുതി,പക്ഷേ ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ, കല്ലിനടിയിൽ പിടയുന്ന ചെറിയ കൈകൾ ഞങ്ങൾ കണ്ടു. ഒരു മാതാപിതാക്കളും ഇത് ചെയ്യരുത്.” ഗ്രാമീണർ പറയുന്നു.
ചിന്ദ്വാര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കുഞ്ഞിന് ഉറുമ്പ് കടിയേറ്റതായും ഹൈപ്പോഥെർമിയയുടെ ലക്ഷണങ്ങൾ ഉണ്ടെന്നും സ്ഥിരീകരിച്ചു. “അവന്റെ അതിജീവനം അത്ഭുതകരമാണെന്നാണ്,” ശിശുരോഗ വിദഗ്ദ്ധൻ പറയുന്നത്.

