ന്യൂഡൽഹി ; ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ എത്തി. 13-ാം തവണയാണ് ഇന്ത്യ ജി7 ഉച്ചകോടിയിൽ പങ്കാളിയാകുന്നത്. മോദി തുടർച്ചയായി ഏഴാം തവണയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.ജൂൺ 15 മുതൽ 17 വരെയാണ് ഉച്ചകോടി നടക്കുക. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കും.
അന്താരാഷ്ട്ര സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള കൂട്ടായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ ഉറപ്പ് വരുത്തുമെന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ നരേന്ദ്രമോദി പറഞ്ഞു.
ചൊവ്വാഴ്ച നടന്ന ഉച്ചകോടിയിലെ ആദ്യ സെഷൻ യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമൊപ്പം യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും സെഷനിൽ പങ്കെടുത്തു.ഉച്ചകോടിക്കിടെ ട്രംപുമായും മറ്റ് ജി7 നേതാക്കളുമായും സെലെൻസ്കി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്തോ-പസഫിക് മേഖലയിലെ വികസനങ്ങൾ, ഊർജ്ജ സുരക്ഷ, കാലാവസ്ഥാ പ്രവർത്തനം, ആഗോള സാമ്പത്തിക പ്രതിരോധം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ നേതാക്കൾ ചർച്ച നടത്തുമെന്നാണ് സൂചന.

