കൊൽക്കത്ത : എംഎൽഎ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച ബംഗാൾ നിയമസഭാ സ്പീക്കറുടെ തീരുമാനത്തിന് സ്റ്റേ ഇല്ല . കേസിൽ ഇടപെടാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചു. കേസിൽ തുടർനടപടികളിൽ തീരുമാനമാകുന്നതു വരെ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാമെന്ന് കോടതി വ്യക്തമാക്കി.
സ്പീക്കറുടെ നീക്കത്തിനെതിരെ സ്റ്റേ നൽകാനും ജസ്റ്റിസ് കൃഷ്ണ റാവു അവധിക്കാല ബെഞ്ച് വിസമ്മതിച്ചു. ഋതബ്രത ബാനർജിയെ അംഗീകരിച്ചുകൊണ്ടുള്ള സ്പീക്കറുടെ ഉത്തരവിന്റെ പൂർണ്ണരൂപം കോടതി ആവശ്യപ്പെട്ടു. ആ ഉത്തരവ് ഔദ്യോഗികമായി രേഖപ്പെടുത്തിയതിനുശേഷം മാത്രമേ കേസിന്റെ സാരമായ പരിശോധന തുടരുകയുള്ളൂവെന്നും കോടതി സൂചിപ്പിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ എംഎൽഎയായ ഋതബ്രത ബാനർജിയെ സഭയിലെ ടിഎംസി നിയമസഭാംഗങ്ങളുടെ നേതാവായും ബംഗാൾ നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായും സ്പീക്കർ രതിന്ദ്ര ബോസാണ് തീരുമാനിച്ചത്. വിമത ടിഎംസി എംഎൽഎമാരുടെ ഒരു സംഘം ഋതബ്രത ബാനർജിയെ തങ്ങളുടെ നേതാവായി പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കി 60 ഓളം നിയമസഭാംഗങ്ങളുടെ പിന്തുണ ഉറപ്പിച്ച ശേഷമാണ് സ്പീക്കറെ അറിയിച്ചത് . തുടർന്നാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. ഈ നീക്കം ഭരണഘടനാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് തൃണമൂൽ നേതൃത്വം വിശേഷിപ്പിച്ചത്.
ടിഎംസിയുടെ മുതിർന്ന നേതാവ് ശോഭന്ദേബ് ചതോപാധ്യായയും പാർട്ടി നേതൃത്വവുമാണ് ഹൈക്കോടതിയിൽ സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്തത് .തന്റെ നിയമനത്തെ പാർട്ടിക്കുള്ളിലെ “ആഭ്യന്തര ജനാധിപത്യത്തിന്റെ” വിജയമായാണ് ഋതബ്രത ബാനർജി വിശേഷിപ്പിച്ചത്. സഭയിലെ ഭൂരിപക്ഷം ടിഎംസി എംഎൽഎമാരും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ആഭ്യന്തരപിളർപ്പിൽ പാർട്ടി തന്നെ തകർച്ചയിലായ ഈ സമയത്ത് മമതയ്ക്കേറ്റ തിരിച്ചടിയാണ് കോടതി വിധി. അത് മാത്രമല്ല കഴിഞ്ഞ ദിവസം സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തും മമത കൊൽക്കത്ത ഹൈക്കോടതിയിൽ മറ്റൊരു ഹർജി നൽകിയിരുന്നു. അതും കോടതിയുടെ പരിഗണനയിലാണ്.

