ന്യൂഡൽഹി : ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശപ്രകാരം കേന്ദ്രസർക്കാർ ഇന്ത്യയിൽ ടെലിഗ്രാം ആപ്പ് താൽക്കാലികമായി നിരോധിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്. വ്യാജ ചോദ്യപേപ്പറുകൾ വിൽക്കാറും , തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും തട്ടിപ്പുകൾ ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ഇത്തരം നെറ്റ്വർക്കുകൾ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്ഥാന പോലീസ് യൂണിറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് .
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 ലെ സെക്ഷൻ 69A ഉപയോഗിച്ച് ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിൽ ടെലിഗ്രാമിന്റെ ലഭ്യത ജൂൺ 22 വരെ താൽക്കാലികമായി നിയന്ത്രിക്കുന്നുവെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.ഡിലിസ്റ്റിംഗ് ഒഴിവാക്കുന്നതിനു പുറമേ, മുമ്പ് പോസ്റ്റ് ചെയ്ത മെസെജിൽ മാറ്റം വരുത്തുന്നത് തടയുന്നതിനായി ജൂൺ 30 വരെ ഇന്ത്യയിൽ ടെലിഗ്രാമിലെ എഡിറ്റിംഗ് പ്രോസസും പ്രവർത്തനരഹിതമാക്കാൻ സർക്കാർ ടെലിഗ്രാമിനോട് നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്.

