ന്യൂഡൽഹി : അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ഒരു അഫ്ഗാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമാണ് . അദ്ദേഹത്തിന് ഇന്ത്യയിലേക്ക് എത്താൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ (യുഎൻഎസ്സി) അനുമതി നൽകി. 1988 ലെ യുഎൻഎസ്സി റെഗുലേഷൻ പ്രകാരം താലിബാൻ ഉപരോധ പട്ടികയിൽ തുടരുന്നതിനാൽ യാത്രാ വിലക്ക് ഉണ്ടായിരുന്നു. യുഎൻഎസ്സി അനുമതി നൽകിയതോടെ അത് നീങ്ങി.
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കാനാണ് ആമിർ ഖാൻ മുത്താക്കിക്ക് അനുമതി ലഭിച്ചത്. ഒക്ടോബർ 6 ന്, ഏഴാമത് മോസ്കോ ഫോർമാറ്റ് ചർച്ചകളിൽ പങ്കെടുക്കാൻ ആമിർ ഖാൻ മുത്താക്കി റഷ്യയിലേക്ക് പോകും. ഈ ബഹുരാഷ്ട്ര ഫോറത്തിൽ അതിഥിയായിട്ടല്ല, അംഗമായി താലിബാൻ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യ താലിബാനിൽ നിരവധി വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് താലിബാൻ ഉദ്യോഗസ്ഥരും അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം ഉന്നതതല യോഗങ്ങൾക്കായുള്ള അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം പാകിസ്ഥാനും ചൈനയ്ക്കുമെതിരായ ഇന്ത്യയുടെ തന്ത്രപരമായ നീക്കമാണ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും ഒന്നിക്കുന്നത് തടയാൻ പാകിസ്ഥാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് മുത്തഖിയുടെ മുൻ ഇന്ത്യാ സന്ദർശനം തടസ്സപ്പെടുത്തിയത്.
2021 ഓഗസ്റ്റ് മുതൽ മുത്താക്കി അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രിയാണ്. മെയ് മാസത്തിന്റെ തുടക്കത്തിൽ, മുത്താക്കി ബീജിംഗിൽ ചൈനീസ്, പാകിസ്ഥാൻ വിദേശകാര്യ മന്ത്രിമാരായ വാങ് യി, ഇഷാഖ് ദാർ എന്നിവരുമായി ഒരു അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിസ്ഥാനിലേക്ക് നീട്ടുന്നതിനെക്കുറിച്ച് ചർച്ചയും ചെയ്തു.ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തെയും താലിബാൻ അപലപിച്ചിരുന്നു.

