ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യയ്ക്ക് കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ പ്രതി പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ കോടതിയിൽ നിന്ന് പ്രതികൂല വിധി വന്നതോടെയാണ് തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ ഇന്ത്യയ്ക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന പോരാട്ടമാണിത്.
റാണ കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകൾ ഇന്ത്യ കൈമാറിയിട്ടുണ്ടെന്ന് വിധി പറഞ്ഞ മിലൻ ഡി സ്മിത്ത്, ബ്രിഡ്ജറ്റ് ബേഡ്, സിഡ്നി ഫിറ്റ്സ്വാട്ടർ എന്നിവരടങ്ങിയ മൂന്നംഗ ജഡ്ജിമാരുടെ പാനൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും, യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണമ്യെ കൈമാറുക. ഇതനുസരിച്ച് റാണയെ ഇന്ത്യയ്ക്ക് വിട്ട് നൽകാൻ കഴിയുമെന്ന് യുഎസ് അറ്റോർണി ബ്രാം ആൽഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതി വ്യക്തമാക്കിയത്. പാക് ഭീകരസംഘടനയ്ക്ക് റാണ സഹായം നൽകിയതിന് തെളിവുകൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയോടൊപ്പം ചേർന്ന് പാക് ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്ക്കായി മുംബൈയിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് ഇയാൾ അന്വേഷണം നേരിടുന്നത്. 2009ലാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഈ കേസിൽ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു റാണ.