ദുബായ്: വൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഹീര ഗ്രൂപ്പിന്റെ സ്ഥാപകയായ നൗഹേര ഷെയ്ക്ക് അറസ്റ്റിൽ. ആയിരക്കണക്കിന് നിക്ഷേപകരെ, പ്രത്യേകിച്ച് നിരവധി മലയാളികളെ കബളിപ്പിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 5,600 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് അധികൃതർ കണക്കാക്കുന്നു. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണ് . 2018 മുതലുള്ള തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നൗഹേരക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഫരീദാബാദിലെ സൂരജ്കുണ്ഡ് പ്രദേശത്തുകൂടി സഞ്ചരിക്കുന്നതിനിടെ ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ വൈകുന്നേരം നൗഹേര ഷെയ്ക്കിനെ കസ്റ്റഡിയിലെടുത്തത്. നൗഹേരയെ ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കുമെന്ന് സെൻട്രൽ ക്രൈം സ്റ്റേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശ്വേത പറഞ്ഞു.
2024 ൽ സുപ്രീം കോടതി അവരുടെ ജാമ്യം റദ്ദാക്കുകയും കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ കോടതിയുടെ നിർദ്ദേശം നൗഹേര അവഗണിച്ചു . ഹീര ടെക്സ്റ്റൈൽസ്, ഹീര ഗോൾഡ്, ഹീര ഫുഡെക്സ് തുടങ്ങിയ ബിസിനസുകളിലൂടെ, 36% വരെ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് നൗഹേര ഷെയ്ക് നിക്ഷേപകരെ വഞ്ചിച്ചതായാണ് കേസ്. 2018 ൽ, കമ്പനി പെട്ടെന്ന് നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തി വച്ചു. ഇത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കി. ഇന്ത്യയിലും പലരും ഈ പദ്ധതിയിൽ നിക്ഷേപം നടത്തിയിരുന്നു.

