ന്യൂഡൽഹി : ഡൽഹിയിലെ മജ്നു കാ തിലയിൽ താമസിക്കുന്ന 800 പാക് ഹിന്ദു അഭയാർത്ഥികളെ നീക്കം ചെയ്യാനുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നേരത്തെ, ഡൽഹി ഹൈക്കോടതിയാണ് ഹിന്ദു അഭയാർത്ഥികളെ നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് എം.എം. സുന്ദരേശും ജസ്റ്റിസ് എൻ. കോതീശ്വർ സിങ്ങും അടങ്ങുന്ന ബെഞ്ച് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനും ഡൽഹി വികസന അതോറിറ്റിക്കും (ഡി.ഡി.എ) നോട്ടീസ് അയയ്ക്കുകയും ഡൽഹി ഹൈക്കോടതി നൽകിയ ഉത്തരവ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
2024 മാർച്ച്, ജൂലൈ മാസങ്ങളിൽ അഭയാർത്ഥി ക്യാമ്പ് ഒഴിയാൻ ഡി.ഡി.എ നോട്ടീസ് നൽകിയിരുന്നു . എന്നാൽ ആ സമയത്ത് ഒരു നടപടിയും സ്വീകരിച്ചില്ല. 2025 ജൂലൈയിൽ വീണ്ടും നോട്ടീസ് അയച്ചു. തുടർന്ന് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ മുഖേന ധരംവീർ ബാഗ്ദിയും മറ്റുള്ളവരും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവ് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നുവെന്ന് ഹർജിക്കാർ പറയുന്നു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നു. മേൽക്കൂരയില്ലാതെ ഒരാൾക്ക് അന്തസ്സുണ്ടാകില്ലെന്നും അത് അവരുടെ തൊഴിൽ അവകാശത്തെയും ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
പാകിസ്ഥാനിലെ ഇസ്ലാമിക മതമൗലികവാദികളുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയവരാണ് ഈ അഭയാർത്ഥികൾ . ഏകദേശം 260 കുടുംബങ്ങൾ ക്യാമ്പിൽ താമസിക്കുന്നുണ്ട് . അവരിൽ ചിലർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു, ബാക്കിയുള്ളവർ അപേക്ഷ നൽകിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും വളരെ ദരിദ്രരാണ്, ദിവസ വേതനം, വീട്ടുജോലി മുതലായവ ചെയ്തുകൊണ്ട് ഉപജീവനം നയിക്കുന്നവരാണ്. ഭൂരിഭാഗം ആളുകളും പിന്നാക്ക വിഭാഗക്കാരാണ്.
2019 ഡിസംബർ 12 ന് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) ഹൈക്കോടതി അവഗണിച്ചുവെന്ന് ഹർജിയിൽ പറയുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിലെ ആളുകൾക്ക് പൗരത്വം നൽകുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ അഭയാർത്ഥികളെ നിർബന്ധിതമായി നീക്കം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമായതിനാൽ, അവർക്ക് ബദൽ ഭവനനിർമ്മാണത്തിനോ പുനരധിവാസത്തിനോ ഡിഡിഎ ക്രമീകരണങ്ങൾ ചെയ്യണമെന്നും ഹർജിയിൽ പറയുന്നു.

