ന്യൂഡൽഹി : ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീന്റെ (എഐഎംഐഎം) രാഷ്ട്രീയ പാർട്ടിയെന്ന രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. എന്നാൽ എഐഎംഐഎമ്മിന്റെ സാധുത സംബന്ധിച്ച പ്രധാന പ്രശ്നങ്ങൾ ഉന്നയിച്ച് റിട്ട് ഹർജി ഫയൽ ചെയ്യാൻ ഹർജിക്കാരന് കോടതി അനുമതി നൽകി.
ലൈവ് ലോയുടെ റിപ്പോർട്ട് പ്രകാരം, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി കേൾക്കാൻ വിസമ്മതിച്ചത് . ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടിയായി എ.ഐ.എം.ഐ.എമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.
തിരുപ്പതി നരസിംഹ മുരാരിയാണ് ഇത് സംബന്ധിച്ച ഹർജി സമർപ്പിച്ചത് . മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് എ.ഐ.എം.ഐ.എമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം, അതിനാൽ മതേതരത്വത്തിന്റെ തത്വം ലംഘിക്കുന്നതിനാൽ അതിനെ ഒരു രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കരുതെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നു.
എ.ഐ.എം.ഐ.എമ്മിന്റെ പ്രകടന പത്രിക മതേതരത്വത്തിന്റെ തത്വങ്ങളെ ലംഘിക്കുന്നുണ്ടെന്നും അതിനാൽ പി.ആർ. ആക്ടിലെ സെക്ഷൻ 29 എ പ്രകാരം അതിനെ ഒരു രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജിക്കാരന് വേണ്ടി സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ വാദിച്ചു.
എന്നാൽ ഒരു പാർട്ടിക്ക് മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമേ പ്രവർത്തിക്കൂ എന്നും എല്ലാവർക്കും വേണ്ടിയല്ലെന്നും എങ്ങനെ പറയാൻ കഴിയുമെന്ന് അഭിറാം സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് വിഷ്ണു ശങ്കർ ജെയിൻ ചോദിച്ചു. ഏത് മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കുന്നത്, അത് സ്ഥാനാർത്ഥിയെക്കുറിച്ചോ പാർട്ടിയെക്കുറിച്ചോ ആകട്ടെ, തെറ്റാണെന്നും, സുപ്രീം കോടതിയുടെ ഈ ഉത്തരവ് കണക്കിലെടുത്ത് എ.ഐ.എം.ഐ.എമ്മിന്റെ രജിസ്ട്രേഷൻ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും വിഷ്ണു ശങ്കർ ജെയിൻ ആവശ്യപ്പെട്ടു.
മതപരമായ പേരുകൾ കാരണം മുമ്പും ചില രാഷ്ട്രീയ പാർട്ടികളെ നിരോധിച്ചിട്ടുണ്ടെന്ന് വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മുസ്ലീം സമൂഹത്തിൽ ഇസ്ലാമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുമെന്ന് പാർട്ടിയുടെ പ്രകടന പത്രികയിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവേചനമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പോയി ഒരു ഹിന്ദു നാമത്തിൽ ഒരു പാർട്ടി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വേദങ്ങൾ പഠിപ്പിക്കണമെന്ന് പറഞ്ഞാൽ, രജിസ്ട്രേഷൻ നടക്കില്ല.
എന്നാൽ എല്ലാ പിന്നോക്ക വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നതിനെക്കുറിച്ച് എ.ഐ.എം.ഐ.എമ്മിന്റെ പ്രകടന പത്രികയിൽ പറയുന്നുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു . സമൂഹത്തിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ് പാർട്ടി എന്ന് അതിൽ പറയുന്നുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി . ഭരണഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് ചില അവകാശങ്ങൾ നൽകിയിട്ടുണ്ടെന്നും ആ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് എ.ഐ.എം.ഐ.എം പ്രവർത്തിക്കുന്നതെന്നും പാർട്ടിയുടെ പ്രകടന പത്രികയിൽ പറയുന്നുണ്ട്.
ഭരണഘടന തന്നെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തിന് എതിർപ്പ് ഉണ്ടാകരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ‘ഒരു പാർട്ടി തൊട്ടുകൂടായ്മ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞാൽ, അത് നിരോധിക്കാം. ഭരണഘടനയിൽ ഉള്ള അവകാശങ്ങളെ കുറിച്ചാണ് ഞങ്ങൾ പറയുന്നതെന്ന് ഒരു പാർട്ടി പറഞ്ഞാൽ, പിന്നെ എങ്ങനെയാണ് അതിനെതിരെ എതിർപ്പ് ഉണ്ടാകുക?’സൂര്യകാന്ത് ചോദിച്ചു. പരിഷ്കരണമാണ് വിശാലമായ കാഴ്ചപ്പാടെങ്കിൽ, ഒരു പാർട്ടിയുടെയും പേര് പറയാതെ തന്നെ നിങ്ങൾക്ക് പൊതുവായ പ്രശ്നങ്ങൾ ഉന്നയിക്കാം…” എന്നും ജസ്റ്റിസ് സൂര്യകാന്ത് ഹർജിക്കാരനോട് പറഞ്ഞു.

