ലഖിസാരായി: ബിഹാറിലെ ലഖിസാരായിയിലെ അശോക് ധാം ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം . നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച രാവിലെ 6.30 നും 6.45 നും ഇടയിൽ ക്ഷേത്രത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു .
വൈദ്യുത തൂൺ തകർന്നതിനെ തുടർന്ന് ആളുകൾക്ക് വൈദ്യുതാഘാതമേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ശ്രാവണ മാസത്തിന്റെ തുടക്കമായതിനാലാണ് ഇന്ന് വൻ തിരക്ക് ക്ഷേത്രത്തിൽ ഉണ്ടായത്.ട്രെയിനുകളിൽ ക്ഷേത്രത്തിലേക്ക് വലിയതോതിൽ ഭക്തർ എത്തിയതാണ് ദുരന്തത്തിലേക്ക് വഴിതെളിച്ചത്. തിരക്ക് വർധിച്ചതിനെ തുടർന്ന് ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകരുകയും, ആളുകൾ പരസ്പരം മുകളിലേയ്ക്ക് വീഴുകയുമായിരുന്നുവെന്ന് ലഖിസരായ് ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കൃത്യമായ കാരണം അറിയാൻ കഴിയൂ എന്ന് ഡിവിഷണൽ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ശിവം കുമാർ പറഞ്ഞു. അപകടത്തെ അത്യന്തം ദാരുണമാണെന്ന് ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി വിശേഷിപ്പിച്ചു. പരിക്കേറ്റവർക്ക് ശരിയായതും വേഗത്തിലുള്ളതുമായ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.

