ചെന്നൈ : കർണാടകയിൽ മൂന്ന് തമിഴ് വംശജരുടെ കൊലപാതകം ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ സംഘർഷം വഷളാക്കുന്നു.കർണാടകയിലെ ചാമരാജനഗർ ജില്ലയിലാണ് മൂന്ന് തമിഴ് വംശജരെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തിയത് . സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.
സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വിമർശിച്ച വിജയ്, നിഷ്പക്ഷമായ അന്വേഷണം നടത്താൻ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ അദ്ദേഹം പോസ്റ്റ് പങ്ക് വച്ചിട്ടുണ്ട് .
“കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഹെന്നൂർ താലൂക്കിലെ ഗ്രാമങ്ങളിൽ നിന്നുള്ള തമിഴരായ ആന്റണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നിവരെ ശനിയാഴ്ച (ഓഗസ്റ്റ് 15, 2026) പുലർച്ചെ കാവേരി വന്യജീവി സങ്കേത പ്രദേശത്ത് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നത് വളരെ ദുഃഖകരവും ഹൃദയഭേദകവുമായ സംഭവമാണ്. ഈ സംഭവത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഈ സംഭവത്തെക്കുറിച്ച് കർണാടക വനം വകുപ്പ് നൽകിയ വിശദീകരണം പൂർണ്ണമായും അസ്വീകാര്യമാണ്. ഈ ക്രൂരമായ സംഭവം നിഷ്പക്ഷമായി അന്വേഷിക്കണം.” വിജയ് എക്സിലെ കുറിപ്പിൽ പറയുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും വിജയ് കർണാടക സർക്കാരിനോട് അഭ്യർത്ഥിച്ചു.അതേസമയം കൊല്ലപ്പെട്ടവർ വേട്ടക്കാരായിരുന്നുവെന്നും, ഇവർക്കൊപ്പം ഉണ്ടായിരുന്ന നാലാമൻ രക്ഷപ്പെട്ടതായും ലൈസൻസില്ലാത്ത ആയുധങ്ങളും മാൻ മാംസവും കണ്ടെടുത്തതായും വനം വകുപ്പ് അധികൃതർ പറഞ്ഞു.

