ഡബ്ലിൻ: പശ്ചിമേഷ്യയിലെ സംഘർഷം അയർലൻഡും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതിന്റെ ആവശ്യകത വർധിപ്പിച്ചതായി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുകെ- അയർലൻഡ് ഉച്ചകോടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സുരക്ഷയിലെ ഉറപ്പിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് സഹായിക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും അഭിപ്രായപ്പെട്ടു. കോർക്കിൽ കഴിഞ്ഞ ദിവസം ആയിരുന്നു യുകെ- അയർലൻഡ് ഉച്ചകോടി നടന്നത്.
പ്രതിരോധത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണാപത്രം ഉണ്ടെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ഭാഗമായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

