ഭോപ്പാൽ : തന്റെ മകളെ മതം മാറ്റാൻ തട്ടിക്കൊണ്ടുപോയതായി കാട്ടി മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി മൊണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്ലെ . പൂവാറിലെ ക്ഷേത്രത്തിൽ വെച്ചാണ് മോണാലിസയും കാമുകൻ മുഹമ്മദ് ഫർമാനും കഴിഞ്ഞ ദിവസം വിവാഹിതരായത്. സിപിഎം നേതാക്കളായിരുന്നു വിവാഹത്തിന് ചുക്കാൻ പിടിച്ചത്.
മകളെ തിരികെ കൊണ്ടുവരാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോണാലിസയുടെ പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മധ്യപ്രദേശിലെ ഖാർഗോൺ സ്വദേശിയാണ് മൊണാലിസ .
തന്റെ അച്ഛൻ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്ന് ആരോപിച്ചാണ് മോണാലിസ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഫാർമനുമായി അഭയം തേടിയത് . പ്രശ്നം മനസ്സിലാക്കിയ പോലീസ്, പിതാവ് ജയ് സിംഗ് ഭോസ്ലെയെയും സിനിമാ സംഘത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തങ്ങളുടെ ഗ്രാമത്തിലെ ആചാരമനുസരിച്ച്, ഒരു പെൺകുട്ടിയെ മറ്റൊരു സമുദായത്തിലേക്കോ ഗ്രാമത്തിലേക്കോ വിവാഹത്തിന് അയയ്ക്കാറില്ലെന്ന് ജയ് സിംഗ് ഭോസ്ലെ പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് നിയമനടപടി സ്വീകരിച്ചു.
മന്ത്രി വി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എംപി തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവാഹശേഷം ഉയർന്നുവന്ന ലവ് ജിഹാദ് ആരോപണങ്ങൾ മോണാലിസയും ഭർത്താവ് ഫർമാനും നിഷേധിച്ചു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ, പ്രണയത്തിന് മതം മാറേണ്ടതില്ലെന്നും സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ദമ്പതികൾ വ്യക്തമാക്കി. അതേസമയം, മോണാലിസയെ തിരികെ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ പ്രഖ്യാപിച്ചു.

