ശ്രീനഗർ : ജമ്മു കശ്മീരിലെ ഉദംപൂർ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ജെയ്ഷെ-ഇ-മുഹമ്മദ് (ജെ.ഇ.എം) ഭീകരരാണെന്ന് കരുതുന്ന മൂന്നോ നാലോ ഭീകരർ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കുടുങ്ങിയതായും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ദോഡ-ഉധംപൂർ അതിർത്തിക്കടുത്താണ് ഏറ്റുമുട്ടൽ നടന്നത്.
സൈന്യം, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), പോലീസ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത് . ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രദേശത്ത് നിരവധി വെടിവയ്പ്പുകൾ നടന്നിട്ടുണ്ട്.
ജൂൺ 26 ന് ദുഡു-ബസന്ത്ഗഡ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഹൈദർ എന്ന ഭീകർ കൊല്ലപ്പെട്ടിരുന്നു . കഴിഞ്ഞ നാല് വർഷമായി ഈ പ്രദേശത്ത് സജീവമായിരുന്നു ഹൈദർ. അതിനിടെ, ജമ്മു കശ്മീർ പോലീസിന്റെ കൗണ്ടർ-ഇന്റലിജൻസ് യൂണിറ്റ് ശ്രീനഗർ, ബാരാമുള്ള, അനന്ത്നാഗ്, കുപ്വാര, ഹന്ദ്വാര, പുൽവാമ, ഷോപ്പിയാൻ എന്നിങ്ങനെ കശ്മീർ താഴ്വരയിലെ ഏഴ് ജില്ലകളിലായി – ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് തിരച്ചിൽ നടത്തി. ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു.

