ശ്രീനഗർ: കശ്മീരിൽ രാത്രി ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ സൈനികന് വീരമൃത്യൂ . ജമ്മു കശ്മീരിലെ പൂഞ്ചിലെ സുരൻകോട്ടിലുള്ള 16 രാഷ്ട്രീയ റൈഫിൾസിന്റെ ആസ്ഥാനത്താണ് സംഭവം. ശിപായി ഭാവേഷ് ചൗധരിയാണ് മരിച്ചത്.
സുരൻകോട്ട് പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സൈനികനാണ് ഭാവേഷ് . ഗ്രനേഡ് തെറ്റായി കൈകാര്യം ചെയ്തതിനാലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിന് ശേഷം സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈനികന്റെ മരണം അധികൃതർ സ്ഥിരീകരിച്ചു, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തിൽ തീവ്രവാദികളുടെ പങ്കിനുള്ള സാധ്യത സൈന്യം തള്ളിക്കളഞ്ഞു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
അതേസമയം, ഗ്രനേഡുകളും മറ്റ് സ്ഫോടകവസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവരുന്നു. സംഭവത്തെ ഗൗരവമായി കാണുകയാണെന്നും സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

