ന്യൂഡൽഹി ; മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ സ്മാരകവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മുൻ കോൺഗ്രസ് അംഗവുമായ ശർമ്മിഷ്ഠ മുഖർജി. തന്റെ പിതാവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ വർക്കിംഗ് കമ്മിറ്റി യോഗം വിളിക്കാൻ പോലും തയ്യാറാകാത്ത പാർട്ടിയാണ് ഇപ്പോൾ മൻമോഹൻ സിംഗിന് പ്രത്യേക സ്മാരകം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശർമ്മിഷ്ഠ മുഖർജി പറഞ്ഞു.
‘ ബാബ അന്തരിച്ചപ്പോൾ, ഒരു അനുശോചന യോഗത്തിന് സിഡബ്ല്യുസി വിളിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ഒരു മുതിർന്ന നേതാവ് എന്നോട് പറഞ്ഞു, ഇത് രാഷ്ട്രപതിമാർക്ക് വേണ്ടി ചെയ്തിട്ടില്ലെന്ന്. എന്നാൽ അത് തെറ്റാണ് . മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ്റെ മരണശേഷം പ്രണബ് മുഖർജി തന്നെ അനുശോചന സന്ദേശം തയ്യാറാക്കി . ഇത്തരമൊരു യോഗം ചേർന്നത് എങ്ങനെയെന്നും പിതാവിൻ്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് ‘ – ശർമ്മിഷ്ഠ മുഖർജി പറഞ്ഞു.
ഡോ സിങ്ങിനുള്ള സ്മാരകം വളരെ നല്ല ആശയമാണ്. രാഷ്ട്രപതി എന്ന നിലയിൽ ബാബ അദ്ദേഹത്തിന് നൽകാൻ ആഗ്രഹിച്ച ഭാരതരത്നയ്ക്കും അദ്ദേഹം അർഹനാണ്. പക്ഷേ അത് നടന്നില്ല-അവർ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് സമർപ്പിത സ്മാരകം വേണമെന്ന കോൺഗ്രസിൻ്റെ ആവശ്യത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദങ്ങൾക്കിടയിലാണ് ശർമ്മിഷ്ഠ മുഖർജിയുടെ പരാമർശം.
മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് സ്മാരകം പണിയുന്നതിലും കോൺഗ്രസിന് വീഴ്ച ഉണ്ടായതായി ആരോപണമുണ്ട്. നേതാക്കളെ ആദരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് അവഗണനയുടെ മാതൃക കാണിച്ചുവെന്ന് പാർട്ടി വക്താവ് സി ആർ കേശവൻ പറഞ്ഞു.