ഇസ്ലാമാബാദ് : സിന്ധു നദീജല ഉടമ്പടി പ്രകാരം ഇസ്ലാമാബാദിന് നൽകേണ്ട ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ .ഇന്ത്യ വെള്ളം നിഷേധിച്ചാൽ “നമുക്ക് വീണ്ടും യുദ്ധം ചെയ്യേണ്ടിവരും” എന്ന് പറഞ്ഞ ബിലാവൽ ഇന്ത്യയുടെ നീക്കത്തെ നിരാകരിക്കുകയും കരാർ നിയമവിരുദ്ധമായി നിർത്തിവച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
“ഇന്ത്യയ്ക്ക് രണ്ട് വഴികളുണ്ട് , നീതിപൂർവ്വം വെള്ളം പങ്കിടുക, അല്ലെങ്കിൽ ആറ് നദികളിൽ നിന്നും നമുക്ക് വെള്ളം എത്തിക്കാം,” സിന്ധു നദീതടത്തിലെ ആറ് നദികളെ പരാമർശിച്ച് ബിലാവൽ പറഞ്ഞു.
” സിന്ധു നദീജല ഉടമ്പടി അവസാനിച്ചു എന്ന ഇന്ത്യയുടെ അവകാശവാദവും നിയമവിരുദ്ധമാണ്, കാരണം IWT നിർത്തിവച്ചിട്ടില്ല, അത് പാകിസ്ഥാനെയും ഇന്ത്യയെയും ബാധിക്കുന്നു, വെള്ളം നിർത്തുമെന്ന ഭീഷണി യുഎൻ ചാർട്ടർ അനുസരിച്ച് നിയമവിരുദ്ധമാണ്. “ ബിലാവൽ പറഞ്ഞു.
1960-ലെ ജലവിഭജന കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ബിലാവലിന്റെ പ്രസ്താവന. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിന്ധൂനദീജല കരാർ ഇന്ത്യ റദ്ദാക്കിയത് . ഇതിലെ ജലം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
മാത്രമല്ല ഭീകര താവളങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് തങ്ങൾ കരുതിയതെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു . ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അത്തരം ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നുവെന്നും അത് ആണവ ആക്രമണമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .
‘ഓപ്പറേഷൻ സിന്ദൂരത്തിനിടെ, ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇരട്ട ഉപയോഗ ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചു, അപ്പോൾ അത് ഒരു ആണവ ആക്രമണമാണോ എന്ന് പാകിസ്ഥാന് നിമിഷങ്ങൾക്കുള്ളിൽ തീരുമാനിക്കേണ്ടി വന്നു . അത്തരമൊരു സാഹചര്യത്തിൽ, ആകാശത്തിലെ മിസൈൽ ആക്രമണങ്ങളുടെ ചിത്രങ്ങൾ നോക്കി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഈ മിസൈൽ ആണവ ആക്രമണത്തിന് ഉപയോഗിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കണം? ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ തീരുമാനമെടുത്തു. ഏറെ ശ്രമപ്പെട്ട് ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ സൈന്യം ഇന്ത്യയെ കീഴടക്കി .‘ ബിലാവൽ ഭൂട്ടോ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടുണ്ടെങ്കിലും സമാധാനം നിലവിൽ വന്നിട്ടില്ലെന്നും ഇത് വളരെയധികം ആശങ്കാജനകമാണെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. പാകിസ്ഥാൻ സൈനിക സംഘർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത് അപകടകരമായ സാഹചര്യമാണെന്ന് കരുതുന്നുവെന്നും ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.

