മുംബൈ ; നടൻ സെയ്ഫ് അലിഖാന് തിരിച്ചടി. 15,000 കോടി രൂപ വിലമതിക്കുന്ന തന്റെ പൂർവ്വിക സ്വത്തുക്കളെ “ശത്രു സ്വത്ത്” ആയി തരംതിരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. സെയ്ഫ്, അമ്മ ഷർമിള ടാഗോർ, സഹോദരിമാരായ സോഹ, സബ അലി ഖാൻ എന്നിവരെ എസ്റ്റേറ്റിന്റെ നിയമാനുസൃത അവകാശികളായി അംഗീകരിച്ച 2000-ലെ വിചാരണ കോടതി വിധി ഇതോടെ റദ്ദാക്കപ്പെട്ടു.
നവാബ് ഹമീദുള്ള ഖാന്റെ മറ്റ് പിൻഗാമികൾ സെയ്ഫിന്റെ മുതുമുത്തശ്ശിയും നവാബിന്റെ മകളുമായ സാജിദ സുൽത്താന് അനന്തരാവകാശം നൽകിയ മുൻ വിധിക്കെതിരെ കോടതിയിൽ അപ്പീൽ നൽകിയിരുന്നു . പകരം സ്വത്ത് വിതരണം മുസ്ലീം വ്യക്തിനിയമത്തിന് അനുസൃതമായിരിക്കണമെന്നും അപ്പീലുകളിൽ വാദിച്ചു.അതിനാൽ, ഒരു വർഷത്തിനുള്ളിൽ നടപടികൾ പുനരാരംഭിച്ച് കേസ് പൂർത്തിയാക്കാൻ ഹൈക്കോടതി വിചാരണ കോടതിയോട് നിർദ്ദേശിച്ചു.
മധ്യപ്രദേശിലെ ഭോപ്പാലിൽ നവാബുമാരുടെ ഉടമസ്ഥതയിലുള്ള സ്വത്തും ഒരു കൊട്ടാരവുമുണ്ട്. കഴിഞ്ഞ ഇരുപത് വർഷമായി ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപോരാട്ടം നടക്കുന്നുണ്ട്. സെയ്ഫ് അലി ഖാന്റെ കുടുംബവും പലതവണ വിവിധ കോടതികളിൽ അപേക്ഷകൾ നൽകിയിട്ടുണ്ട്.
സെയ്ഫ് അലി ഖാന്റെ സ്വന്തം മുത്തശ്ശിയാണ് സാജിദ സുൽത്താൻ. അതായത്, അച്ഛൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ അമ്മ. ഭോപ്പാലിലെ നവാബ് ബീഗം എന്നാണ് സാജിദ സുൽത്താൻ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഭോപ്പാൽ സ്വത്ത് ‘ശത്രു സ്വത്തായി’ കണക്കാക്കപ്പെടുന്നു. അതിനാൽ, സെയ്ഫ് അലി ഖാനും അമ്മയ്ക്കും സഹോദരിക്കും ആ സ്വത്തിൽ ഇനി അവകാശമില്ല. അതേസമയം സെയ്ഫ് അലി ഖാന്റെ കുടുംബം ഇനി സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.

