ന്യൂഡൽഹി: അൽഖ്വായ്ദ സ്ലീപ്പർ സെല്ലായി പ്രവർത്തിച്ചിരുന്ന അൻസാറുള്ള ബംഗ്ലാ ഭീകരൻ കാസർകോട് നിന്ന് പിടിയിലായ സംഭവത്തിന് പിന്നാലെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർക്കെതിരെ രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ച് കേന്ദ്ര ഏജൻസികൾ. കാസർകോടിന് പുറമേ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും സമീപകാലത്ത്, മതിയായ രേഖകളില്ലാതെ കുടിയേറി താമസിക്കുന്ന ബംഗ്ലാദേശികൾ പിടിയിലായിരുന്നു.
വിവിധ സംസ്ഥാന പോലീസ് സംവിധാനങ്ങളുടെയും പ്രത്യേക ദൗത്യ സംഘങ്ങളുടെയും നേതൃത്വത്തിലാണ് പരിശോധന. പരിശോധനകൾക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന 175 പേരെ ഡൽഹി പോലീസ് പിടികൂടിയിരുന്നു.
പിടിയിലായവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഇവരുടെ പക്കലുള്ള രേഖകൾ പരിശോധിച്ച് വരികയാണ്. ആവശ്യമെങ്കിൽ അന്വേഷണം ബംഗ്ലാദേശിലേക്കും വ്യപിപ്പിക്കേണ്ടി വരുമെന്ന് ദേശീയ ഏജൻസികൾ സൂചന നൽകുന്നു.
ഡൽഹിയിലെ സ്കൂളുകളിൽ നടത്തിയ ബയോമെട്രിക് പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ നിരവധി കുട്ടികളെ കണ്ടെത്തിയിരുന്നു. ഇവരുടെ മാതാപിതാക്കളെ കുറിച്ചും അന്വേഷിച്ച് വരികയാണ്. പരിശോധനകളുടെ വിശദ വിവരങ്ങൾ കേന്ദ്ര ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി വിലയിരുത്തി വരികയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.