മുംബൈ : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി പരിപാടിയിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ പങ്കെടുത്തതിനെതിരെ വിമർശനമുയരുന്നു. ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗത്ത് പരിപാടിയെ നിശിതമായി വിമർശിച്ച് രംഗത്തെത്തി.
ആർ.എസ്.എസിന്റെ വേദി എല്ലാ മുസ്ലീങ്ങൾക്കുമായി തുറന്നു നൽകുമോ അതോ സൽമാൻ ഖാനെ പോലുള്ള പ്രമുഖ നടന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ എന്ന് സഞ്ജയ് റാവത്ത് ചോദിച്ചു. മുസ്ലീം സ്നേഹം ഒരു സെലിബ്രിറ്റിയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ, അതോ സംഘം യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നയം പിന്തുടരുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
സൽമാൻ ഖാനെ ആർഎസ്എസ് വേദിയിലേക്ക് ക്ഷണിക്കുന്നത് വെറുമൊരു പ്രതീകാത്മക നടപടി മാത്രമാണെന്ന് തോന്നുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ‘ സൽമാൻ ഖാന്റെ ജനപ്രീതിയും ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവും കൊണ്ടാണോ അദ്ദേഹത്തെ ക്ഷണിച്ചത്. അങ്ങനെയെങ്കിൽ, ഭാവിയിൽ മുസ്ലീം സമുദായത്തിലെ മറ്റ് അംഗങ്ങൾക്ക് ആർഎസ്എസ് ശാഖകളുടെയും വേദികളുടെയും വാതിലുകൾ തുറക്കുമോ എന്ന് ആർഎസ്എസ് വ്യക്തമാക്കണം.
സാമൂഹിക ഐക്യത്തിന്റെ സന്ദേശം നൽകാൻ ഒരു നടനെ ക്ഷണിക്കുന്നത് മാത്രം പോരാ . ഇത് ഒരു സ്ഥിരം ദർശനത്തിന്റെ ഭാഗമാണോ അതോ ഒരു സംഭവത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു പരീക്ഷണമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്.
പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും മറ്റ് പരിപാടികൾ ഉണ്ടായിരുന്നതിനാൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. രാജ്യത്ത് ഹിന്ദു-മുസ്ലീം സമുദായങ്ങൾക്കിടയിൽ നിലവിൽ പ്രകടമാകുന്ന സംഘർഷത്തിലും വിഭജനത്തിലും ആർ.എസ്.എസിന്റെ പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശികളെ മുംബൈയിൽ നിന്ന് പുറത്താക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് ബിജെപി മേയറായി തിരഞ്ഞെടുക്കപ്പെട്ട റിതു തവ്ഡെ പറഞ്ഞതിനെതിരെയും സഞ്ജയ് റാവത്ത് രൂക്ഷമായി പ്രതികരിച്ചു. ബംഗ്ലാദേശികളെ മുംബൈയിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു. ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദുക്കൾ തെരുവുകളിൽ കൊല്ലപ്പെടുകയും അവരുടെ വീടുകൾ കത്തിക്കുകയും ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയും വിഷയം തുറന്നുപറയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും റാവത്ത് ചോദിച്ചു.

