അനാരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള നീക്കവുമായി കേന്ദ്രസർക്കാർ . ആദ്യഘട്ടത്തിൽ സമൂസ, ജിലേബി, പക്കോഡ, വട പാവ്, ചായ , ബിസ്ക്കറ്റ് തുടങ്ങിയ ജനപ്രിയ ലഘുഭക്ഷണങ്ങളിൽ സിഗരറ്റ് ശൈലിയിലുള്ള ആരോഗ്യ മുന്നറിയിപ്പുകൾ നൽകാനാണ് തീരുമാനം.ജീവിതശൈലി രോഗങ്ങളുമായി അടുത്ത ബന്ധമുള്ള ഈ ഭക്ഷണങ്ങളിലെ ഉയർന്ന അളവിലുള്ള എണ്ണ, പഞ്ചസാര, ട്രാൻസ് ഫാറ്റ് എന്നിവ ഈ മുന്നറിയിപ്പുകളിൽ രേഖപ്പെടുത്തും.
കാമ്പസിലെ കഫറ്റീരിയകളിലും പൊതു ഭക്ഷണശാലകളിലും ഭക്ഷണ കൗണ്ടറുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കും . അടുത്തിടെയായി ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് . പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവ വർദ്ധിച്ചുവരുന്നതിനാൽ, ഇക്കാര്യത്തിൽ പലതരത്തിലുള്ള മുന്നറിയിപ്പുകളും വന്നിട്ടുണ്ട്.
വറുത്തതും പഞ്ചസാര ചേർത്തതുമായ ലഘുഭക്ഷണങ്ങളുടെ പതിവ് ഉപഭോഗവും ഇത്തരം രോഗങ്ങൾക്ക് ഒരു പ്രധാന ഘടകമാണ്.2050 ആകുമ്പോഴേക്കും, ഏകദേശം 440 ദശലക്ഷം ഇന്ത്യക്കാർ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരിക്കുമെന്ന് ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ആഗോള വിശകലനം റിപ്പോർട്ടിൽ പറയുന്നു .
പഞ്ചസാര, കൊഴുപ്പ്, ട്രാൻസ് ഫാറ്റ് എന്നിവയുടെ അളവ് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ നൽകുന്നതിനൊപ്പം ഇവ ഉണ്ടാക്കുന്ന ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മുന്നറിയിപ്പ് ബോർഡുകളിൽ ഉണ്ടാകും.
നിരോധനമല്ല, മികച്ച അവബോധം മാത്രമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത് സർക്കാർ വ്യക്തമാക്കി. സമോസയും ജിലേബിയും ഇപ്പോഴും ലഭ്യമാകും, പക്ഷേ ഉപഭോക്താക്കൾ എന്താണ് കഴിക്കുന്നതെന്നും , അതുകൊണ്ടുള്ള ഭവിഷ്യത്തുകളും അവരും തിരിച്ചറിയണം . നിയന്ത്രണം അല്ല, മിതത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.

